ഹരിദ്വാർ: ആറു വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ലൈംഗികമായി ഉപയോഗിച്ച സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൗൾട്രിഫാമിന്റെ സെക്യൂരിറ്റിയായി ജോലി നോക്കുന്ന സോനുവിനെയാണ് പൊലീസ് പിടികൂടിയത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണു സംഭവം. വെള്ളിയാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതായത്.
തെരുവിൽ മറ്റു കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ പിന്നീട് കാണാതാവുകയായിരുന്നു. പെൺകുട്ടിയെ ഇയാൾ സമീപത്തെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എതിർത്തതിനെ തുടർന്ന് ഇയാൾ കുട്ടിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
മദ്യ ലഹരിയിലാണ് പ്രതി കുറ്റം ചെയ്തെന്നും ഇയാൾ കുട്ടിയെ കൊലപ്പെടുത്തിയതിന്റെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ദിവസവേതനക്കാരാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. ഇവർ ജോലി ചെയ്യുന്ന പാടത്തിന് സമീപത്ത് വച്ചാണ് സോനു പെൺകുട്ടിയെ കൊലപ്പെടുത്തിയത്.
സോനു പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോകുന്നതായി കണ്ട പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുറ്റകൃത്യത്തിൽ മറ്റൊരാൾക്കു കൂടി പങ്കുണ്ടെന്ന് മരിച്ച പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. ഇയാൾക്കായും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.