tp-senkumar

തിരുവനന്തപുരം: കള്ളവോട്ട് സംസ്ഥാനത്ത് നിലയ്‌ക്കണമെങ്കിൽ പ്രതിവിധി ഒന്നേയുള്ളുവെന്ന് മുൻ ഡി.ജി.പി ടി.പി സെൻകുമാർ. കൗമുദി ടിവിയുടെ സ്‌‌ട്രെയിറ്റ് ലൈൻ അഭിമുഖത്തിലാണ് സെൻകുമാർ മനസു തുറന്നത്. ഏറെ വിവാദമായ സർവീസ് സ്‌റ്റോറി 'എന്റെ പൊലീസ് ജീവിതം' ചർച്ചാ വിഷയമായി തീർന്ന സാഹചര്യത്തിലാണ് കൂടുതൽ വെളിപ്പെടുത്തലുമായി സെൻകുമാർ രംഗത്തെത്തിയത്.

കള്ളവോട്ട് പരക്കെ നടക്കുന്നുവെന്ന് ആക്ഷേപമുള്ള കണ്ണൂരിലടക്കം നിലവിലെ പരിതസ്ഥിതി അവസാനിക്കണമെങ്കിൽ വോട്ടർ ഐ.ഡി കാർഡും യു.ഐ.ഡി കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് സെൻകുമാർ പറയുന്നു. 'ആറ്റിങ്ങൽ മണ്ഡലത്തിൽ നമ്മൾ കണ്ടതാണ് 57000 പേർക്ക് ഡബിൾ വോട്ട്. ഒരു ബൂത്തിൽ വോട്ട് ചെയ്‌ത് അടയാളമൊക്കെ മായ്‌ച്ച് അടുത്ത ബൂത്തിൽ പോയി അവർക്ക് വോട്ട് ചെയ്യാം. കാരണം അവർക്ക് വേറെ ഐ.ഡി കാർഡുണ്ട്.

ഇതുകൂടാതെ, സാധാരണ എന്താ സംഭവിക്കുന്നതെന്നു വച്ചാൽ ചിലയിടത്തൊക്കെ പ്രിസൈഡിംഗ് ഓഫീസർമാരെല്ലാം വളരെ പൊളിറ്റിസൈസ്ഡ‌് ആയിരിക്കും. അങ്ങനെയുള്ളിടത്ത് ബൂത്ത് ഏജന്റുമാർ പലപ്പോഴും ഇരിക്കാൻ ധൈര്യപ്പെടില്ല, പ്രത്യേകിച്ച് ഉച്ചയ്‌ക്ക്. അങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം വാസ്തവത്തിൽ നടക്കുന്നത് മരിച്ചവരുടെ വോട്ട്, വിദേശത്തുള്ളവരുടെ വോട്ട്, തങ്ങൾക്ക് വോട്ട് ചെയ്യില്ലായെന്ന് ഉറപ്പുള്ളവരുടെ വോട്ട് എന്നിവ ആദ്യമേ ചെയ്യും. ഇപ്പോൾ എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ അദ്ദേഹം ട്രെയിനി ആയിരുന്നപ്പോൾ ഒരു സ്ത്രീ 12 വോട്ടിൽ കൂടുതൽ ചെയ്‌തതായി എന്നോട് പറഞ്ഞിട്ടുണ്ട്. പ്രീസൈഡിംഗ് ഓഫീസറോട് ഇതിനെപറ്റി ചോദിച്ചപ്പോൾ ഞങ്ങൾക്ക് ജീവിക്കണ്ടേ സാർ എന്നാണ് അയാൾ തിരിച്ചു ചോദിച്ചത്.

ഇവിടുത്തെ വോട്ട് നടക്കുന്നത് വാസ്ഥവത്തിൽ പൊലീസിന്റെ സഹായം കൊണ്ടല്ല. ബൂത്തിലുള്ള പ്രീസൈഡിംഗ് ഓഫീസേഴ്‌സിന്റെയും പോളിംഗ് ഉദ്യോഗസ്ഥരുടെയും സഹായം കൊണ്ടാണ്. അതു നിൽക്കണമെന്നുണ്ടെങ്കിൽ യു.ഐ.ഡി കൊടുക്കുക. ആ യു.ഐ.ഡി നമ്മുടെ വോട്ടർ ഐ.ഡിയുമായി ബന്ധിപ്പിച്ചു കഴിഞ്ഞാൽ അതോടുകൂടി ഡബിൾ വോട്ട് ചെയ്യാൻ കഴിയാതെയാകും'.

അഭിമുഖത്തിന്റെ പൂർണരൂപം-