ഒരു പ്രമേഹരോഗിയെങ്കിലുമില്ലാത്ത വീടുകൾ കേരളത്തിൽ വിരളമാണ്. രോഗം പിടിമുറുക്കി കാലക്രമത്തിൽ കണ്ണുകൾ, വൃക്കകൾ, നാഡീവ്യൂഹം, ഹൃദയം എന്നിവയുടെ പ്രവർത്തനം ഏറെക്കുറെ താറുമാറാക്കുന്ന ഈ രോഗം നിശബ്ദ കൊലയാളിയെന്ന പേരിലാണ് വൈദ്യശാസ്ത്രരംഗത്ത് അറിയപ്പെടുന്നത്.
അന്താരാഷ്ട്ര തലത്തിലുള്ള ലാബുകളിൽ പിറവിയെടുക്കുന്ന മരുന്നുകളെക്കാൾ പ്രമേഹത്തെ മയക്കാൻ കഴിയുന്നൊരു അത്ഭുത രുചിക്കൂട്ട് മലയാളികൾക്ക് മാത്രമായുണ്ട്. ചക്കയാണ് ഈ താരം. രുചികരമായ ചക്കപ്പുഴുക്ക് പ്രമേഹത്തെ വരുതിയിൽ നിറുത്തും. ശാസ്‌ത്രീയമായ തെളിയിക്കപ്പെട്ട ഈ വസ്‌തുത മലയാളിയെ അറിയിച്ചതാകട്ടെ ആലുവക്കാരൻ ജെയിംസ് ജോസഫും. ചക്കയുടെ വിപണനമൂല്യം തിരിച്ചറിഞ്ഞ് , മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ച ജെയിംസ് സ്വയംസംരംഭത്തിലൂടെ വെന്നിക്കൊടി പാറിച്ച് കഴിഞ്ഞു. അതേക്കുറിച്ച് ജെയിംസ് ജോസഫ് സംസാരിക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി ചക്കയെക്കുറിച്ച് ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അതിനിടെ 2015ൽ ഒരു സുഹൃത്ത് യാദൃശ്ചികമായ ചക്കയെക്കുറിച്ച് പകർന്ന ഒരു അറിവാണ് ചക്ക കഴിച്ചാൽ പ്രമേഹം ഇല്ലാതാകുമോ? എന്ന ചോദ്യം മനസിലുദിക്കാൻ കാരണം. പ്രമേഹത്തെ നിയന്ത്രിക്കാൻ ഇൻസുലിൻ എടുത്തിരുന്ന അദ്ദേഹം ചോറിന് പകരം ഒരു നേരം ചക്കപ്പുഴുക്ക് കഴിച്ചപ്പോൾ ഇൻസുലിന്റെ അളവ് കുറയ്‌ക്കാനായെന്ന് പറഞ്ഞു. അങ്ങനെ ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ തീരുമാനിച്ചു.
ഒരു കപ്പ് ചക്കപ്പുഴുക്കും ഒരു കപ്പ് ചോറും തമ്മിലുള്ള നൂട്രീഷ്യൻ വാല്യൂ എൻ.എ.ബി.എൽ സർട്ടിഫൈഡ് ലാബിൽ നൽകി പരിശോധിച്ചപ്പോൾ കിട്ടിയ ഫലം എന്നെ അത്ഭുതപ്പെടുത്തി. പച്ചച്ചക്കയിൽ അന്നജം ധാന്യങ്ങളെക്കാൾ 40 ശതമാനം കുറവാണ്. കാലറിയും ഏതാണ്ട് 35 –40 ശതമാനം കുറവ്. പ്രമേഹം കുറയ്ക്കുന്ന മറ്റൊരു ഘടകവും പച്ചച്ചക്കയിലുണ്ട് – നാരുകൾ. നാരുകളാവട്ടെ (ഡയറ്ററി ഫൈബർ) ധാന്യങ്ങളിലേതിന്റെ മൂന്നിരട്ടിയാണുതാനും. നാരുകൾ ഭക്ഷണത്തിലെ ഗ്ലൂക്കോസിന്റെ അമിതാഗീരണത്തെ തടയും. പച്ചച്ചക്കയിൽ ഗ്ലൈസീമിക് ഇൻഡക്സ് കുറവാണ്. അതുകൊണ്ട് പച്ചച്ചക്കയുടെ പുഴുക്ക് പ്രമേഹരോഗികൾക്ക് ഉത്തമമാണ്. നാരുകൾ മൂലം വയറ് നിറയുന്നതിനാൽ കൂടുതൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. ചോറിന് പകരം പ്രമേഹരോഗികൾക്ക് കഴിക്കാൻ ഉത്തമമായ ഭക്ഷണമാണ് ചക്കയെന്ന് ശാസ്‌ത്രീയമായി തെളിയിച്ചെങ്കിലും ഇത് പരീക്ഷിച്ച് തെളിയിക്കണമെന്നായി അടുത്ത ഘട്ടം.
ഗ്ളൈസിമിക് ലോഡ് (ഭക്ഷണത്തിലൂടെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിന്റെ തോത് കണ്ടുപിടിക്കുന്ന പരിശോധന) പരിശോധിക്കാൻ 2016ൽ സിഡ്നി സർവകലാശാലയിൽ ചക്കയുടെ സാമ്പിൾ അയച്ചു കൊടുത്തു. പച്ചചക്ക പ്രമേഹരോഗികൾക്ക് ഉത്തമ ഭക്ഷണമാണെന്നും സർവകലാശാലാ പഠനങ്ങൾ വ്യക്തമാക്കി. ശേഷം മെഡിക്കൽ കോളേജിലെ ഡോ. എസ്.കെ. അജയകുമാറിന്റെ നേതൃത്വത്തിൽ പാറശാലയിലെ 36 പ്രമേഹരോഗികളെ പഠനത്തിന് വിധേയമാക്കി .18 പേർക്ക് ഉച്ചയ്ക്ക് ചോറും 18 പേർക്ക് ചക്കപ്പുഴുക്കുമാണ് നിശ്ചിത അളവിൽ നൽകിയത്. ചക്ക കഴിച്ചവർക്ക് നാലുമാസം കൊണ്ട് മരുന്ന് കുറയ്ക്കാനായെന്ന് കണ്ടെത്തി. പ്രമേഹ സങ്കീർണതകളായ ന്യൂറോപ്പതി, റെറ്റിനോപ്പതി, നെഫ്രോപ്പതി തുടങ്ങിയ അനുബന്ധ രോഗങ്ങളെ ചക്കയിലെ ആന്റി ഓക്സിഡന്റുകൾ തടയും.
മാർച്ച് മുതൽ ജൂൺ വരെ കേരളത്തിൽ ചക്ക കാലമാണ്. ഈ സമയത്തെ പ്രമേഹമരുന്ന് വിപണിയെ ചക്ക ഉപയോഗം സ്വാധീനിക്കുന്നുണ്ടോ എന്നറിയാനായിരുന്നു പിന്നീടുള്ള അന്വേഷണം. സാധാരണക്കാരാണ് ചക്ക ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. സർക്കാരിന്റെ കാരുണ്യ ഫാർമസികളെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഇവരാണ്. മരുന്നിന്റെ കണക്കുകൾ ശേഖരിച്ചു. മാർച്ചിൽ എട്ട് ലക്ഷം യൂണിറ്റ് മരുന്നാണ് വിറ്റിരുന്നത്. ഏപ്രിലിൽ വിൽപ്പന ഏഴുലക്ഷം യൂണിറ്റായി കുറഞ്ഞു. മേയിലും ജൂണിലും ആറുലക്ഷമായി. ജൂലായ് ആയപ്പോഴേക്കും ആറുലക്ഷത്തിന് മുകളിലേക്കു പോകാൻ തുടങ്ങി. ആഗസ്റ്റിൽ എഴും സെപ്റ്റംബറിൽ ഏഴരയും ഒക്ടോബറിൽ വീണ്ടും എട്ടു ലക്ഷവുമായി. പച്ചച്ചക്കയുടെ ഉപയോഗം കൂടിയപ്പോൾ പ്രമേഹം കുറഞ്ഞു. മരുന്ന് വിൽപ്പന 25 ശതമാനം താഴുകയും സീസൺ കഴിഞ്ഞപ്പോൾ കൂടുകയും ചെയ്തു.
ചക്ക കായാണ്
ചക്ക ഏത്തക്കായ പോലൊരു കായാണ്. പഴുക്കുമ്പോൾ മാത്രമാണത് പഴമാകുന്നത്. ചക്ക പ്രമേഹത്തിന്റെ മുഖ്യശത്രുവാണെന്നുള്ള തെറ്റിദ്ധാരണ പടരാൻ കാരണവും ഈ അജ്ഞതയാണ്. ചക്കപ്പഴം പ്രമേഹത്തിന്റെ ഉറ്റസുഹൃത്താണ് . പഴുത്ത ചക്കയിൽ ഗ്ളൈസിമിക് ലോഡ്, ഫ്രെക്ടോസ്, സുക്രോസ് എന്നിവ കൂടുതലായിരിക്കും. പച്ചച്ചക്കയെ അപേക്ഷിച്ച് പഴുത്ത ചക്കയിൽ പഞ്ചസാരയുടെ അളവ് പതിൻമടങ്ങാണ്. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുകയും പ്രമേഹം കൂടുകയും ചെയ്യും. പ്രമേഹരോഗികൾ 'ജാക്ക് ഫ്രൂട്ട് ' ഒഴിവാക്കണമെന്ന് വിദേശികൾ പറഞ്ഞപ്പോൾ. നമ്മൾ ചക്ക പ്രമേഹത്തിന് ദോഷമെന്ന് വിവർത്തനം ചെയ്‌തു.
പറമ്പിൽ സുലഭമായി കിട്ടുന്നൊരു ഔഷധത്തെ അറിവില്ലായ്മ കാരണമാണ് മലയാളികൾ പടിയടച്ച് പിണ്ഡം വച്ചത്.
ലോകത്തെവിടെയും സുലഭമായി കിട്ടുന്ന ഫലമാണ് ചക്കയെങ്കിലും ചക്കപ്പുഴുക്ക് മലയാളിയുടെ മാത്രം സ്വകാര്യ അഹങ്കാരമാണ്. പ്രത്യേക അനുപാതത്തിൽ പച്ചമുളകും തേങ്ങയും വെളുത്തുള്ളിയും ജീരകവും കറിവേപ്പിലയുമൊക്കെ ചേർത്തുണ്ടാക്കുന്ന ചക്കപ്പുഴുക്കിനാണ് ചക്ക വിഭവങ്ങളിൽ ഏറ്റവും കൂടുതൽ ഔഷധഗുണമുള്ളത്. പ്രമേഹ രോഗത്തെ ചെറുക്കാൻ വളരെ നല്ലതാണിത്.
ചക്കയിലെ എ, സി ജീവകങ്ങൾ ആന്റി ഓക്സിഡന്റുകളായും വർത്തിക്കുന്നു. ഇത് കാൻസറിനെതിരെ മികച്ച പ്രതിരോധമാണ്.വിളഞ്ഞ് പാകമായ ചക്കച്ചുളയിൽ 74 ശതമാനം വെള്ളമാണ്. 23 ശതമാനം അന്നജം, രണ്ട് ശതമാനം പ്രൊട്ടീൻ, ഒരു ശതമാനം കൊഴുപ്പും. 100 ഗ്രാം ചക്ക 95 കലോറി ഉൗർജം സമ്മാനിക്കും.
വിറ്റാമിനുകൾ (ഫോളേറ്റുകൾ, നയാസിൻ, പീരിഡോക്സിൻ, റൈബോഫ്‍ളാവിൻ, തയാമിൻ, വിറ്റാമിൻ എ, വിറ്റാമിൻ സി), സോഡിയം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ ,കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ എന്നിവയുടെയും സാന്നിദ്ധ്യമുണ്ട്. രക്തധമനിയെ സംരക്ഷിക്കും. വാർദ്ധക്യത്തെ തടയും. പൊട്ടാസ്യം പോലുള്ള മൂലകങ്ങൾ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. പച്ചച്ചക്കയിലെ നാരുകളിൽ 60 ശതമാനവും വെള്ളത്തിൽ ലയിക്കാത്തവയാണ്. ഈ നാരുകൾ കൊഴുപ്പിന്റെ ആഗിരണം തടയുന്നു. ഇങ്ങനെ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിലും മുന്നിലാണ്. വൻകുടലിലെ അർബുദത്തിന് കാരണമാകുന്ന കാർസിനോജനുകളെ പുറന്തള്ളാനും ഈ നാരുകൾ സഹായിക്കും. അതുപോലെ ദഹനപ്രക്രിയ സുഗമമാക്കും.