-masood-azhar-modi

ന്യൂഡൽഹി: ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യൻ ശ്രമം വിജയത്തിലേക്കെന്ന് സൂചന. ഭീകരനായി പ്രഖ്യാപിക്കുന്നതിനെതിരെ നടത്തിയ നീക്കങ്ങൾ ചൈന ഉപേക്ഷിക്കുന്നതായാണ് റിപ്പോർട്ട്. ഐക്യരാഷ്ട്ര സഭയുടെ ഇസ്ലാമിക് സ്‌റ്റേറ്റ് ആന്റ് അൽക്വയ്ദ സാങ്ഷൻസ് കമ്മിറ്റി മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നാളെ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മസൂദ് അസറിനെ ഭീകരനായി മുദ്ര കുത്തുന്നതിനെതിരെ ചെെന എടുത്ത നിലപാട് മാറ്റാൻ അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ എന്നിവർ ചൈനയുടെ മേൽ സമ്മർദം ചെലുത്തിയിരുന്നു. പുൽവാമ ആക്രമണത്തിന് ശേഷമാണ് സമ്മർദം ശക്തമായത്. തുടർന്നാണ് അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമം നടത്തിയത്. എന്നാൽ, ഇതിന് കൂടുതൽ സമയം വേണമെന്നായിരുന്നു ചൈനയെടുത്ത നിലപാട്. 2001 ഒക്‌ടോബർ മുതൽ മൂന്നു തവണ യു.എൻ രക്ഷാസമിതിയിൽ ഈ ആവശ്യം ഉയർന്നുവെങ്കിലും ചൈന വീറ്റോ പ്രയോഗിക്കുകയായിരുന്നു.

കഴിഞ്ഞ തവണയും രക്ഷാസമിതിയിൽ ഈ ആവശ്യം വന്നുവെങ്കിലും വിയോജിപ്പ് പ്രകടിപ്പിക്കാൻ അനുവദിച്ചിരുന്ന അവസാന ദിനം ചൈന കൂടുതൽ സാവകാശം തേടുകയായിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തിയ യു.എസ് ദക്ഷിണ, മദ്ധ്യേഷ്യയുടെ ചുമതലയുള്ള അസിസ്റ്റന്റ് സ്‌റ്റേറ്റ് സെക്രട്ടറി ആലിസ് വെൽസ് അസറിനെതിരെ എത്രയും പെട്ടെന്ന് നടപടിക്ക് നീക്കം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ഡൊമിനിക് അസ്‌ക്വിതും അസറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു


1990കളിൽ ഇന്ത്യയുടെ പിടിയിലായ മസൂദ് അസറിനെ ഇന്ത്യൻ എയർലൈൻസിന്റെ വിമാനം റാഞ്ചിയതിന് ശേഷമാണ് മോചിപ്പിക്കേണ്ടിവന്നത്. 1999 ഡിസംബർ 31നായിരുന്നു മസൂദിനെ വിമാനയാത്രക്കാരെ മോചിപ്പിക്കുന്നതിന് വേണ്ടി വിട്ടയക്കേണ്ടി വന്നത്. വാജ്‌പേയ് സർക്കാരിന്റെ കാലത്തായിരുന്നു അത്. 2001ലാണ് ജെയ്‌ഷെ മുഹമ്മദിനെ ഐക്യരാഷ്ട്രസഭ നിരോധിത സംഘടനയായി പ്രഖ്യാപിക്കുന്നത്. പുൽവാമ ആക്രമണത്തിന് മുമ്പ് നടന്ന പത്താൻകോട്ട് വ്യോമ സേന കേന്ദ്രത്തിന് നേരെ നടന്ന ആക്രമണം, പാർലമെന്റ് ആക്രമണം, ജമ്മു കാശ്മീർ നിയമസഭാ മന്ദിരത്തിന് നേരെയുണ്ടായ ആക്രമണം എന്നിവ ആസൂത്രണം ചെയ്തത് ജെയ്‌ഷെ മുഹമ്മദ് ആണെന്നാണ് കരുതുന്നത്.