കണ്ണൂർ: കാസർകോട്, കണ്ണൂർ മണ്ഡലത്തിൽ കള്ളവോട്ട് നടന്നുവെന്ന ആരോപണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസർ ടിക്കാറാം മീണയ്ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. എൽ.ഡി.എഫ് കള്ളവോട്ട് ചെയ്തെന്ന് പറയുന്നത് അടിസ്ഥാന രഹിതം. കള്ളവോട്ടെന്ന് ആരോപിച്ച മൂന്നു പേരെയും കുറ്റക്കാരാക്കുന്നതിന് മുൻപ് ഇലക്ഷൻ കമ്മീഷൻ ഓഫീസർ അവരുടെ വിശദീകരണം തേടാൻ പോലും തയ്യാറായില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ടിക്കാറാം മീണ തെറ്ര് തിരുത്താൻ തയ്യാറാവണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കുറ്രാരോപിതനായ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയണം എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടിയേരി ചോദിച്ചു. സംസ്ഥാന ഇലക്ഷൻ കമ്മിഷന് മാത്രമേ പഞ്ചായത്തംഗത്തിന്റെ സ്ഥാനം റദ്ദാക്കാൻ കഴിയുകയുള്ളു. എന്നാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസറുടെ തലയ്ക്ക് മുകളിൽ കയറി ഇരിക്കുന്ന നിലപാടാണ് ടിക്കാറാം മീണയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. മീണയുടെ നടപടികളെ നിയമപരമായി നേരിടുമെന്നും കോടിയേരി പറഞ്ഞു.
തിരഞ്ഞെടുപ്പ് സുതാര്യമായിരിക്കാനാണ് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ രഹസ്യങ്ങൾ ചോർത്തിയെടുത്ത രീതിയിലാണ് മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചത്. വിവരാവകാശ നിയമപ്രകാരം ആര് ആവശ്യപ്പെട്ടാലും വീഡിയോ ലഭിക്കും. ഒരു കൂട്ടം മാദ്ധ്യമങ്ങളും യു.ഡി.എഫും നയിക്കുന്നത് പോലെയാണ് ചീഫ് ഇലക്ഷൻ ഓഫീസർ പ്രവർത്തിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു.
ഓപ്പൺവോട്ടിംഗ് സംവിധാനം ഇല്ലെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറയുന്നത്. ഫോറം എം18 അനുസരിച്ച് അന്ധനോ, അവശനോ ആയ വ്യക്തിക്ക് സഹായിയെ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താൻ സാധിക്കും. എന്നാൽ അത്തരത്തിലൊരു സംവിധാനം ഇല്ലെന്ന കമ്മിഷൻ ഓഫീസർ പറയുന്നതിന്റെ അടിസ്ഥാനം എന്താണെന്ന് മനസിലാവുന്നില്ല. മിക്ക ബൂത്തുകളിലും അവശരായവരെ സഹായിക്കാനായി വീൽചെയറുകൾ ഉണ്ടായിരുന്നില്ല. പ്രശ്നബൂത്തായി എഴുതിക്കൊടുത്ത ബൂത്തിൽ എന്തുകൊണ്ടാണ് ക്യാമറ സ്ഥാപിക്കാത്തതെന്ന് കോടിയേരി ചോദിച്ചു. അസുഖബാധിതരായവരെ എത്തിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ മാർഗങ്ങൾ സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം തെറ്ര് ചെയ്തു എന്ന് വരുത്തി തീർക്കാൻ മീണ ശ്രമിക്കുകയാണ്. പ്രിസൈഡിംഗ് ഓഫീസർ നിയമപരമായി ചെയ്ത കാര്യങ്ങൾ പോലും മീണ ചെയ്യുന്നില്ല. ബോധപൂർവ്വം ഇടതുപക്ഷം കുറ്രക്കാരാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ജില്ലാ കളക്ടർ കുറ്രാരോപിതരെ വിളിച്ച് തെളിവെടുപ്പ് നടത്താൻ വിളിച്ചതിന് മുൻപ് തന്നെ തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ അദ്ദേഹത്തിന് സാധിച്ചതെന്ന കാര്യം വ്യക്തമല്ല. മുൻവിധിയോടെയുള്ള തിരക്കഥയ്ക്കനുസരിച്ചാണ് മീണ തീരുമാനങ്ങൾ എടുക്കുന്നത്. ഒരു അന്വേഷണങ്ങൾക്കും പരിശോധനകൾക്കും പാർട്ടി എതിരല്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസർ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.