തിരക്കുപിടിച്ച റോഡുകളും കെട്ടിടങ്ങളും. ചുറ്റിലുമെല്ലാം ബഹളമയം. അതിനിടയിൽ പച്ചപ്പും തണപ്പും പകർന്നു നൽകുന്നൊരിടമുണ്ടെങ്കിലോ.. വിശ്വസിക്കാൻ കഴിയുന്നില്ല അല്ല, എന്നാൽ, അങ്ങനെയൊരെണ്ണമുണ്ട്, അതാണ് മംഗളവനം. കൊച്ചിയുടെ ശ്വാസകോശമായിട്ടാണ് മംഗളവനത്തെ വിശേഷിപ്പിക്കുന്നത്. കേരളത്തിലെ പക്ഷിസങ്കേതങ്ങളിൽ നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണ് മംഗളവനം. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതമാണിത്. വലിപ്പത്തിൽ ചെറുതാണെങ്കിലും കാടിനുള്ളിൽ നിരവധി ജീവജാലങ്ങളുണ്ട്. കണ്ടൽക്കാടുകളും മരങ്ങളും നിറഞ്ഞ ഇവിടെ ധാരാളം ദേശാടനപ്പക്ഷികൾ വിരുന്നെത്താറുമുണ്ട്.
ചിലന്തികളും വവ്വാലുകളുമാണ് ഇവിടുത്തെ മറ്റൊരു പ്രധാന താമസക്കാർ. ഏതാണ്ട് 72 തരം പക്ഷികളെ ഇവിടെ കാണാം. ഇത് കൂടാതെ 17 തരത്തിൽ പെട്ട ചിത്രശലഭങ്ങളും ഇവിടെ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. 51 തരം ചിലന്തികളുമുണ്ട്. 2004ലാണ് വന്ന മംഗളവനത്തെ പക്ഷി സങ്കേത കേന്ദ്രമാക്കി സർക്കാർ പ്രഖ്യാപിച്ചത്. കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതവുമാണിത്. മംഗൾ എന്ന വാക്കിന് പോർച്ചുഗീസ്ഭാഷയിൽ കണ്ടൽ എന്നാണ് അർത്ഥം.
സഞ്ചാരികൾക്ക് വേണ്ടി പ്രകൃതി തന്നെയൊരുക്കിയ ഒത്തിരി കാഴ്ചകൾ മംഗളവനത്തിലുണ്ട്. ചതുപ്പുകൾക്കു ചുറ്റും പടർന്നു നിൽക്കുന്ന കണ്ടൽച്ചെടികൾ, പുഴ, വേലിപ്പടർപ്പുകൾ അങ്ങനെ ഒരുപാടുണ്ട്. പോരാത്തതിന് ,സഞ്ചാരികൾക്ക് വിശ്രമിക്കാനായി മുളകൊണ്ട് കെട്ടിയ വിശ്രമസ്ഥലം, ഏറുമാടം, മരച്ചുവട്ടിലെ ശ്രീബുദ്ധന്റെ പ്രതിമയും എന്നിവയും വിനോദ സഞ്ചാരികൾക്കായി മംഗളവനത്തിലൊരുക്കിയിട്ടുണ്ട്. പ്രകൃതിസഹവാസ ക്യാമ്പുകൾക്കുള്ള സൗകര്യങ്ങൾ, പക്ഷിനിരീക്ഷണത്തിനായി വാച്ച് ടവറുകൾ, ക്ലാസ് മുറികൾ, ഗസ്റ്റ് ഹൗസുകൾ എന്നിവയും മംഗളവനത്തിലുണ്ട്. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറുവരെയാണ് സന്ദർശന സമയം, പ്രവേശനം സൗജന്യമാണ്.