ഓസ്‌ലോ: റഷ്യയുടെ വടക്കൻ തീരത്തെ ആർട്ടിക്ക് ഐലന്റിനു സമീപം മീൻ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളികൾ കണ്ട തിമിംഗലം റഷ്യൻ ചാരനെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകൾ. ഒരു ബെഗൂല തിമിംഗലത്തെയായിരുന്നു മത്സ്യത്തൊഴിലാളികൾ കണ്ടത്. സാധാരണയായി ബോട്ടിനടുത്ത് നിന്നും മാറി സഞ്ചരിക്കേണ്ട തിമിംഗലം ബോട്ടിനുനേരെ നീന്തിയെത്തുകയായിരുന്നു. രണ്ടു മൂന്നു ദിവസം തുടർച്ചയായി ബോട്ടിനു സമീപം വന്നപ്പോഴാണു ഒരേ തിമിംഗലമാണെന്നും അതിന്റെ കഴുത്തിലെ കെട്ടും മത്സ്യത്തൊഴിലാളികൾ ശ്രദ്ധിച്ചത്.
ബോട്ടിനടുത്തേക്ക് വരിക മാത്രമല്ല ബോട്ടിനെ മറികടക്കാതെയും മനുഷ്യരോട് അടുത്തു നിൽക്കുകയും ചെയ്തു. പിന്നീട് മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുനോക്കിയപ്പോഴാണ് അതിന്റെ ദേഹത്ത് എന്തോ കെട്ടിവച്ചതു പോലെ കണ്ടത്. ഭക്ഷണം തേടിയാണു മനുഷ്യരെ കണ്ടപ്പോൾ തിമിംഗലം പിന്നാലെ കൂടിയതെന്നായിരുന്നു സംശയം. തിമിംഗലത്തെ പിടികൂടി വിവരം കോസ്റ്റ് ഗാർഡിനെ അറിയിച്ചു. നോർവെയുടെ വടക്കുകിഴക്കൻ അയൽ രാജ്യമായ റഷ്യയുമായുള്ള നയതന്ത്ര ബന്ധത്തെപ്പോലും ബാധിക്കുമെന്ന രീതിയിലുള്ള കണ്ടെത്തലുകളാണ് സൂക്ഷ്മ പരിശോധനയിൽ തെളിഞ്ഞത്. ചാരപ്രവർത്തനത്തിന് റഷ്യ നിയോഗിച്ചതെന്ന് തോന്നുന്ന വിധത്തിലായിരുന്നു തിമിംഗലത്തിന്റെ പ്രവർത്തനങ്ങൾ.
.
റഷ്യൻ സൈന്യത്തിൽ കുതിരകൾക്ക് ഉപയോഗിക്കുന്ന പ്രത്യേക കടിഞ്ഞാണായിരുന്നു തിമിംഗലത്തിന്റെ കഴുത്തിൽ. ചുറ്റിലുമുള്ള കാഴ്ചകളെല്ലാം ഉയർന്ന ക്വാളിറ്റിയിൽ പകർത്താൻ സാധിക്കുന്ന ഗോപ്രോ കാമറ ഘടിപ്പിക്കാനുള്ള പ്രത്യേക ഫിറ്റിംഗ്സുമുണ്ടായിരുന്നു. സെന്റ് പീറ്റേഴ്സ്ബർഗിന്റെ ലേബലും പതിച്ചിരുന്നു. ദേഹത്തെ കെട്ടും കാമറയുടെ ഭാഗവും പിന്നീട് ഊരിമാറ്റി. ഗവേഷണ ആവശ്യത്തിനല്ല ഇത് ഉപയോഗിക്കുന്നതെന്നത് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമായി. മറിച്ച് റഷ്യൻ നാവികസേനയാണ് ഇതിനു പിന്നിലെന്നതും വ്യക്തമായി. തിമിംഗലത്തെ കണ്ടെത്തിയ പ്രദേശത്ത് റഷ്യയ്ക്കൊരു നാവികകേന്ദ്രം ഉണ്ടെന്നതാണ് സംശയത്തിന് ഇടയാക്കിയത്.
‘തിമിംഗലത്തിന്റെ ദേഹത്തിന് ചുറ്റും ശക്തിയേറിയ കെട്ടാണുണ്ടായിരുന്നത്. അതു സ്വയം അഴിഞ്ഞുപോകില്ല. ബലമായി തിമിംഗലത്തെ പിടിച്ചു കടിഞ്ഞാൺ കൊളുത്ത് ഇളക്കിയെടുക്കാനുമാകും. ഒപ്പമുള്ള ഗോപ്രോ ക്യാമറ ഹോൾഡറിൽ അതു സെന്റ് പീറ്റേഴ്സ്ബർഗിൽ നിർമിച്ചതാണെന്നു വ്യക്തമാണ്’– സമുദ്ര ശാസ്ത്രജ്ഞനും ട്രോംസോ സർവകലാശാല പ്രഫസറുമായ ആദൻ റിക്കാർഡ്സൺ പറയുന്നു.
യുദ്ധമുന്നണിയിൽ തിമിംഗലം ഉൾപ്പെടെയുള്ള ജീവികളെ ഉപയോഗിക്കുന്നതായി റഷ്യ സമ്മതിച്ചിട്ടുണ്ട്. ‘ചാരപ്പണിക്കായി ഈ ജീവിയെ ഞങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിലൊരു മൊബൈൽ ഫോൺ നമ്പർ രേഖപ്പെടുത്തി ഈ നമ്പറിലേക്ക് ദയവായി വിളിക്കുക എന്നൊരു സന്ദേശം ചേർക്കണമായിരുന്നോ’– തിമിംഗലത്തെ സംബന്ധിച്ച് റഷ്യൻ മാദ്ധ്യമ പ്രവർത്തകനായ ഗോവ്‌രിത് മോസ്ക്വായുടെ ചോദ്യത്തോടു റഷ്യൻ സേനയിലെ കേണൽ വിക്‌തർ ബരാനെറ്റ്സ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. റഷ്യയ്ക്കു ‘സൈനിക തിമിംഗല’ങ്ങളുണ്ട്. പക്ഷേ അക്കാര്യം പറഞ്ഞുനടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കേണൽ വ്യക്തമാക്കി.
റഷ്യയ്‌ക്ക് ക്രിമിയയിലെ സെവാസ്റ്റോപ്പോളിൽ തിമിംഗല സേനയ്ക്കായി പ്രത്യേക കേന്ദ്രമുണ്ട്. കടൽ നിരീക്ഷിക്കുക, അപകട മുന്നറിയിപ്പ് നൽകുക, ചാരന്മാരായ വിദേശ മുങ്ങൽ വിദഗ്ധരെ ഇല്ലാതാക്കുക, വിദേശ കപ്പലുകളുടെ അടിത്തട്ടിൽ മൈനുകൾ സ്ഥാപിക്കുക തുടങ്ങിയ നിരവധി പരിശീലനങ്ങൾ തിമിംഗലങ്ങൾക്ക് നൽകുന്നുണ്ട്. യുക്രേനിയയുടെ അധീനതയിലായിരുന്നു ക്രിമിയയിലെ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. എന്നാൽ, 2014ൽ റഷ്യൻ നാവികസേന ഈ കേന്ദ്രം പിടിച്ചെടുക്കുകയായിരുന്നു.
ഡോൾഫിനുകളെപ്പോലെ മനുഷ്യരുമായി എളുപ്പം ഇണങ്ങിച്ചേരുന്നവയാണ് ആർട്ടിക് സമുദ്രഭാഗത്തു കാണുന്ന ബെലൂഗ തിമിംഗലങ്ങൾ. നല്ല ബുദ്ധിശക്തിയുള്ള ഇവർക്ക് നായ്ക്കളെ പരിശീലിക്കുന്ന പോലെ കൃത്യമായി പഠിപ്പിക്കാനും ലക്ഷ്യം കൈവരിക്കാനും സാധിക്കുമെന്ന് പ്രാഫ. റിക്കാഡ്സൺ ചൂണ്ടിക്കാട്ടി. എന്നാൽ ‘പറഞ്ഞു’ നൽകുന്ന കമാൻഡുകൾ അധികനേരം ഓർത്തിരിക്കാൻ ബെലൂഗയ്ക്കാകില്ല. ആംഗ്യഭാഷയോടാണു പ്രിയം. തണുപ്പ് കൂടിയ ആർട്ടിക് പ്രദേശത്തു ദീർഘനേരം നിൽക്കുന്നതിനും ഇവയ്ക്കു പ്രശ്നങ്ങളുണ്ട്. അതിനാൽത്തന്നെ സൈനിക ആവശ്യത്തിനായി റഷ്യ കൂടുതലായും ഉപയോഗിക്കുന്നത് ഡോൾഫിനുകളെയും സീലുകളെയുമാണ്.