ഒസ്‌ലോ: നോർവീജിയൻ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയ ബെലൂഗ തിമിംഗിലം പരിശീലനം ലഭിച്ച റഷ്യയുടെ ചാരനോ മാരകായുധമോ ആണെന്ന സംശയം ബലപ്പെടുന്നു. നോർവെയിലെ തീരദേശ ഗ്രാമമായ ഇംഗയിൽ, റഷ്യയുടെ വടക്കൻ തീരത്തായി ആർട്ടിക്ക് ഐലൻഡിന് സമീപമാണ് മത്സ്യബന്ധനത്തിനിടെ തൊഴിലാളികൾ തിമിംഗിലത്തെ കണ്ടത്. റഷ്യയുടെ നാവിക കേന്ദ്രവും ഇതിനടുത്തായാണ് സ്ഥിതി ചെയ്യുന്നതെന്നതും റഷ്യയ്ക്ക് മേലുള്ള സംശയം വർദ്ധിപ്പിക്കുന്നു.
പിടികൂടാൻ മത്സ്യത്തൊഴിലാളികൾ വലയൊരുക്കിയെങ്കിലും ബോട്ടിൽ നിന്നു മാറി സഞ്ചരിക്കുന്നതിനു പകരം അതു പതിയെ ബോട്ടിനു നേരെ നീന്തിയെത്തുകയായിരുന്നു. സൂക്ഷ്മമായ നിരീക്ഷണത്തിലാണ് തിമിംഗിലത്തിന്റെ ശരീരത്ത് എന്തോ അസാധാരണമായ വസ്തു കെട്ടിവച്ചതായി കണ്ടെത്തിയത്. റഷ്യൻ സൈന്യത്തിൽ കുതിരകൾക്ക് ഉപയോഗിക്കുന്ന പ്രത്യേക കടിഞ്ഞാണായിരുന്നു അത്. ചുറ്റിലുമുള്ള കാഴ്ചകളെല്ലാം ഉയർന്ന ക്വാളിറ്റിയിൽ പകർത്താൻ സാധിക്കുന്ന ഗോപ്രോ കാമറ ഘടിപ്പിക്കാനുള്ള പ്രത്യേക ഫിറ്റിംഗ്സും ഒപ്പമുണ്ടായിരുന്നു. ഇതിൽ സെന്റ് പീറ്റേഴ്സ് ബർഗെന്ന മേലെഴുത്തും ഉണ്ടായിരുന്നു. ഗോപ്രോ കാമറ ഹോൾഡറിൽ അതു സെന്റ് പീറ്റേഴ്സ്ബർഗിൽ നിർമിച്ചതാണെന്നു വ്യക്തമാണെന്നാണ് സമുദ്ര ശാസ്ത്രജ്ഞനും ട്രോംസോ സർവകലാശാല പ്രൊഫസറുമായ ആദൻ റിക്കാർഡ്സണിന്റെ വെളിപ്പെടുത്തൽ.
എന്നാൽ, കടലിൽ കണ്ടെത്തിയ ബെലൂഗ തിമിംഗിലത്തെ സംബന്ധിച്ച ഊഹാപോഹങ്ങൾ റഷ്യ നിഷേധിച്ചു. എല്ലാവരും കരുതുന്നതുപോലെ ചാരവൃത്തിക്കായി തിമിംഗിലത്തെ അയയ്ക്കുകയായിരുന്നെങ്കിൽ, അതിന്റെ മുകളിൽ ഈ നമ്പരിൽ വിളിക്കൂ എന്ന് പറഞ്ഞ് ഞങ്ങൾ എഴുതിവയ്ക്കുമോ? റഷ്യൻ സേനയിലെ കേണൽ വിക്ടർ ബരാനെറ്റ്സ് പ്രതികരിച്ചു. അതേസമയം, ചാരവൃത്തിക്കായി റഷ്യ തിമിംഗിലമുൾപ്പെടെയുള്ള കടൽജീവികൾക്ക് പരിശീലനം നൽകി ഉപയോഗിക്കാറുള്ളതായാണ് റിപ്പോർട്ട്.
റഷ്യയുടെ ബെലൂഗ ആയുധം
ഡോൾഫിനുകളെപ്പോലെ മനുഷ്യരുമായി എളുപ്പം ഇണങ്ങിച്ചേരുന്നവയാണ് ആർട്ടിക് സമുദ്രഭാഗത്തു കാണുന്ന ബെലൂഗ തിമിംഗിലങ്ങൾ. നല്ല ബുദ്ധിശക്തിയുള്ള ഇവയെ നായ്ക്കളെ പരിശീലിക്കുന്ന പോലെ കൃത്യമായി കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയും. എന്നാൽ, നിർദ്ദേശങ്ങൾ അധികനേരം ഓർത്തിരിക്കാൻ ഇവയ്ക്കാകില്ല. ആംഗ്യഭാഷയോടാണു പ്രിയം. തണുപ്പ് കൂടിയ ആർട്ടിക് പ്രദേശത്തു ദീർഘനേരം നിൽക്കുന്നതിനും പ്രശ്നങ്ങളുണ്ട്.
ബെലൂഗ മാത്രമല്ല
1990കൾ വരെ കടലിലെ സസ്തനികളെ ഉപയോഗിച്ചുള്ള ചാരപ്രവൃത്തി റഷ്യ നടത്തിയിരുന്നെങ്കിലും പിന്നീട് അതു നിറുത്തലാക്കിയിരുന്നു. പക്ഷേ, സൈനിക ആവശ്യത്തിനു വേണ്ടി തങ്ങൾ ബെലൂഗ തിമിംഗിലങ്ങളെയും സീലുകളെയും കുപ്പിമൂക്കൻ ഡോൾഫിനുകളെയും പരിശീലിപ്പിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് 2017ൽ റഷ്യ വെളിപ്പെടുത്തിയിരുന്നു.