child-abuse

സംസ്ഥാനത്ത് പന്ത്രണ്ട് ലക്ഷത്തോളം വീടുകളിൽ കുട്ടികൾ ഭയപ്പാടിലാണ് കഴിയുന്നതെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നിരുന്നു. ഇവിടെയെല്ലാം കുട്ടികൾ ഭയക്കുന്നത് അവരുടെ മാതാപിതാക്കളെയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ സാമൂഹിക സുരക്ഷാ നീതി വകുപ്പിൽ 25000 ഫോൺകോളുകളാണെത്തിയത്.

ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ, കുടുംബ കലഹം എന്നിവയെല്ലാം കുട്ടികളുടെ മാനസിക നിലയെ ബാധിക്കുന്നുണ്ട്. വിരലിലെണ്ണാവുന്ന സംഭവങ്ങൾ മാത്രമാണ് പുറത്തറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി കോളുകളാണ് കുട്ടികളുടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള 'രക്ഷയിൽ' എത്തുന്നത്. ശൈശവ വിവാഹം ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ കൂടുതലായും റിപ്പോർട്ടു ചെയ്യുന്നത് വടക്കൻ കേരളത്തിലാണ്.

അടുത്തിടെ മൂന്നാറിലുണ്ടായത് ഞെട്ടിക്കുന്ന സംഭവമാണ്. സുഹൃത്തിനൊപ്പം മൂന്നാറിൽ പോയ കുടുംബം കുട്ടിയെ കാറിൽ സുഹൃത്തിനൊപ്പം ഇരുത്തി ഷോപ്പിംഗിനായി ഇറങ്ങുകയായിരുന്നു. കാറിൽ സുഹൃത്തിന്റെ ഏഴുവയസുള്ള കുട്ടിയുമുണ്ടായിരുന്നുവെങ്കിലും, അച്ഛന്റെ സുഹൃത്ത് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും കേസ് നൽകേണ്ടെന്ന തീരുമാനത്തിലാണ് കുട്ടിയുടെ അച്ഛനെത്തിയത്. ഇയാൾ പിന്നീട് ഗൾഫിൽ ജോലിക്കായി തിരികെ പോയശേഷം കുട്ടിയുടെ അമ്മ പരാതി നൽകുകയായിരുന്നു. ഇതുപോലെ നിരവധി സംഭവങ്ങളാണ് കുട്ടികൾക്ക് നേരെ സാക്ഷര കേരളത്തിൽ നടക്കുന്നത്. കുട്ടികൾക്കെതിരെയുള്ള അക്രമസംഭവങ്ങളിലേക്ക് അതിന്റെ കാരണങ്ങളിലേക്ക് നേർക്കണ്ണ് അന്വേഷണം നടത്തുകയാണിവിടെ.