ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ സമർപ്പിച്ച പുനപരിശോധനാ ഹർജിയിൽ കേന്ദ്രത്തിന് വീണ്ടും തിരിച്ചടി. കേസിൽ ശനിയാഴ്ചച സത്യവാങ്മൂലം നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. റാഫേൽ കേസിലെ പുനഃപരിശോധനാ ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ നാലാഴ്ച സമയം വേണമെന്ന അറ്റോർണി ജനറലിന്റെ ആവശ്യം കോടതി തള്ളി.
എതിർ സത്യവാങ്മൂലം എന്തിനാണെന്ന് അറ്റോർണി ജനറലിനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. കേന്ദ്രത്തിന്റെ മറുപടി നൽകാനുണ്ടെന്നും ഇതുസംബന്ധിച്ച് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും എ.ജി വ്യക്തമാക്കി. കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. റാഫേൽ കേസിൽ പുറത്തുവന്ന രേഖകൾ പുനഃപരിശോധനാ ഹർജിക്കൊപ്പം പരിഗണിക്കരുതെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീംകോടതി ഏപ്രിൽ 10ന് തള്ളിയിരുന്നു.