vote

കാസർകോട്: ഉദുമ എം.എൽ.എയുടെ മകന്റെ പേരിലും കള്ളവോട്ട് നടന്നതായി യു.ഡി.എഫ് ആരോപണം.​ ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമന്റെ മകന്റെ വോട്ട് മറ്റാരോ ചെയ്തെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. കുഞ്ഞിരാമന്റെ മകൻ വിദേശത്താണ്,​ വോട്ടെടുപ്പ് ദിവസം ഇവിടെ ഉണ്ടായിരുന്നില്ലെന്നും യു.ഡി.എഫ് ആരോപിച്ചു. കൂട്ടക്കനി ജി.യു.പി സ്കൂളിൽ 132 ബൂത്തിലെ ഏഴാം വോട്ടറാണ് മധുസൂധനൻ. ഇയാളുടെ വോട്ട് സി.പി.എം പ്രവർത്തകർ രേഖപ്പെടുത്തിയെന്നാണ് ലീഗ് ജില്ലാ പ്രസിഡന്റ് കമറുദ്ദീൻ ആരോപിക്കുന്നത്. എന്നാൽ,​ ആരോപണത്തെ കുറിച്ച് അറിയില്ലെന്ന് എം.എൽ.എ പ്രതികരിച്ചു.

ലീഗിനെതിരെ ഉയർന്നു വരുന്ന കള്ളവോട്ട് ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇതെന്നും എം.എൽ.എ വ്യക്തമാക്കി. യു.ഡി.എഫിന്റെ ശക്തി കേന്ദ്രമായ ഉദുമയിൽ തിരഞ്ഞെടുപ്പ് ദിവസം വിദേശത്തായിരുന്നവരുടെ പേരിൽ മുസ്ലീം ലീഗുകാർ വ്യാപകമായി കള്ളവോട്ട് രേഖപ്പെടുത്തിയെന്നാണ് സി.പി.എം ആരോപണം.

അതേസമയം,​ കാസർകോട് മണ്ഡലത്തിലെ പിലാത്തറ പത്തൊമ്പതാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയ പഞ്ചായത്തംഗം സലീനയെ അയോഗ്യയാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ ശുപാർശ ചെയ്‌തു. ഓപ്പൺ വോട്ട് ചെയ്‌തതാണെന്ന് വാദമുയർത്തിയെങ്കിലും സലീന ബൂത്ത് മാറി കള്ളവോട്ട് ചെയ്തതാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് നടപടി.