ബാഗ്ദാദ്: ലോകമെമ്പാടും ഭീകരവാദത്തിന്റെ വിത്തുകൾ വിതയ്ക്കുന്ന ഇസ്ലാമിക് ഭീകരസംഘടനയായ ഐസിസിന്റെ തലവൻ അബുബക്കർ അൽ ബാഗ്ദാദി അനുയായികളെ അഭിസംബോധന ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആദ്യമായാണ് ബാഗ്ദാദിയുടെ ദൃശ്യങ്ങൾ പുറത്തുവരുന്നത്. ബാഗ്ദാദിയൊഴികെ മറ്റുള്ള മൂന്നുപേരുടെ മുഖങ്ങൾ അവ്യക്തമായിട്ടുള്ള ദൃശ്യങ്ങൾ ഐസിസിന്റെ നിയന്ത്രണത്തിലുള്ള അൽ ഫുർഖാൻ മീഡിയയാണ് പുറത്തുവിട്ടത്. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ചാവേർ ആക്രമണം ഒരു മുന്നറിയിപ്പ് മാത്രമാണെന്നും ഐസിസിന്റെ ശക്തമായ പ്രതികാരം വരാനിരിക്കുന്നതേയുള്ളൂവെന്ന് ബാഗ്ദാദി ഭീഷണി മുഴക്കുകയും ചെയ്തു.
ഏതുസമയത്ത് ചിത്രീകരിച്ച ദൃശ്യങ്ങൾ ആണെന്ന് വ്യക്തമല്ലെങ്കിലും കിഴക്കൻ സിറിയയിലെ ബഗൂസിൽ കഴിഞ്ഞമാസം അവസാനിച്ച ഐസിസിന്റെ യുദ്ധത്തെക്കുറിച്ച് ബാഗ്ദാദി പരാമർശിക്കുന്നുണ്ട്. ഇരിപ്പിടത്തിൽ കാലുകോർത്തിരിക്കുന്ന ബാഗ്ദാദി ''ബഗൂസ് യുദ്ധം കഴിഞ്ഞു" എന്നാണ് പറയുന്നത്. അനുയായികളെ കൊന്നവരോടും ജയിലിലടച്ചവരോടും പകരം ചോദിക്കണമെന്നും പറയുന്നു. യു.എസ് പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് കഴിഞ്ഞ മാസം അവസാനമാണ് ഐസിസ് ഭീകരർ അവസാനം വരെ കൈയടക്കി വച്ചിരുന്ന സിറിയയിലെ ബാഗൂസ് പിടിച്ചടക്കുന്നത്.
ഇടവേളയ്ക്കുശേഷം സ്ക്രീനിൽ
അഞ്ചുവർഷങ്ങൾക്കുമുമ്പ് 2014 ജൂലായിലാണ് അവസാനമായി ബാഗ്ദാദി കാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മൊസൂളിലെ അൽ നൂറി പള്ളിയിൽ പ്രഭാഷണം നടത്തുന്ന ദൃശ്യങ്ങളായിരുന്നു അത്. അതേസമയം, ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളുമുണ്ടായിരുന്നു. 47കാരനായ ബാഗ്ദാദി ഡൈ പുരട്ടിയ നീളമുള്ള താടിയോടുകൂടി, വളരെ പതുക്കെ സംസാരിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.