തിരുവനന്തപുരം: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം സുനിശ്‌ചിതമെന്ന പ്രാഥമിക വിലയിരുത്തലുമായി ബി.ജെ.പി - ആർ.എസ്.എസ് കേന്ദ്രങ്ങൾ. രണ്ടിടങ്ങളിലും താമര വിരിയുമെന്നു തന്നെയാണ് ആദ്യഘട്ടത്തിലെ കണക്കെടുപ്പിൽ നിന്ന് ബി.ജെ.പിയും ആർ.എസ്.എസും അനുമാനിക്കുന്നത്. ഇതുകൂടാതെ, തെക്കൻ കേരളത്തിലും മദ്ധ്യ കേരളത്തിലും വലിയ രീതിയിൽ വോട്ട് പിടിക്കാനാകുമെന്നും നേതാക്കൾ വിലയിരുത്തുന്നു.
അതേസമയം, വടകരയിൽ വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ടെന്നാണ് പാർട്ടിയുടെ നിഗമനം. വടകരയിൽ പാർട്ടിവോട്ടിൽ കുറവുണ്ടാകില്ലെങ്കിലും ബി.ജെ.പി അനുകൂല വോട്ടുകൾ പി. ജയരാജനെതിരെ പോൾ ചെയ്യപ്പെടും.ന്യൂനപക്ഷ വോട്ടുകളും ഇടതുവോട്ടുകളും യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടില്ലെങ്കിൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിജയം സുനിശ്ചിതമാണ്. തൃശൂരിൽ അട്ടിമറി സാധ്യതകളുണ്ടെങ്കിലും മൂന്ന് ലക്ഷം വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തുമെന്നാണു നിലവിലെ കണക്ക്. പാലക്കാടും രണ്ടാംസ്ഥാനമായിരിക്കും. വടക്കൻ കേരളത്തിലൊഴികെ മറ്റിടങ്ങളിലെല്ലാം 50 ശതമാനത്തിലധികം വോട്ടുയരുമെന്നാണ് ബി.ജ.പിയുടെ കണക്കുകൂട്ടൽ.
പോളിംഗ് വിലയിരുത്താൻ ബി.ജെ.പി ഭാരവാഹി യോഗം നാളെ കൊച്ചിയിൽ ചേരും. യോഗത്തിൽ മണ്ഡലാടിസ്ഥാനത്തിൽ റിപ്പോർട്ടുകൾ ചർച്ചയ്‌ക്കെടുക്കും. കോർകമ്മിറ്റി യോഗത്തിനു ശേഷമായിരിക്കും ഭാരവാഹി യോഗം ചേരുക.