priyanka-gandhi

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന ബി.ജെ.പിയുടെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി രംഗത്തെത്തി. അമേതിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. രാഹുൽ ഗാന്ധി ഇന്ത്യക്കാരനാണെന്ന് എല്ലാവക്കും അറിയാവുന്ന കാര്യമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘രാഹുൽ ഒരു ഹിന്ദുസ്ഥാനിയാണെന്നും ഇവിടെയാണ് ജനിച്ചു വളർന്നതെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇത്തരമൊരു അസംബന്ധം കേട്ടിട്ടേയില്ല’ - പ്രിയങ്ക ഗാന്ധി പറഞ്ഞു. നാലാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് രാഹുലിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടിസ് അയച്ചത്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിൽ 15ദിവസത്തിനകം മറുപടി നൽകണമെന്നാണ് രാഹുൽ ഗാന്ധിയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധിക്കെതിരെ ഇത്തരമൊരു നോട്ടീസ് അയച്ചത് ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. എന്നാൽ നോട്ടീസ് അയച്ചതിന് പിന്നിൽ രാഷ്ട്രീയ താൽപര്യം ഇല്ലെന്നും, ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അവരുടെ ജോലി ചെയ്യുകയാണെന്നുമായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗിന്റെ മറുപടി.