yeti

ന്യൂഡൽഹി: ഹിമ മനുഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യക്കുരങ്ങ് പോലുള്ള ദുരൂഹ ജീവി 'യതി"യുടെ കാൽപ്പാടുകൾ ഹിമാലയത്തിൽ കണ്ടെത്തിയതായി ഇന്ത്യൻ സൈന്യത്തിന്റെ പർവതാരോഹക സംഘം അവകാശപ്പെട്ടു.

ഹിമാലയത്തിലെ നേപ്പാൾ, ടിബറ്റ് മേഖലകളിലും സൈബീരിയയിലും ജീവിക്കുന്നുവെന്നു പറയപ്പെടുന്ന യതിയുടെ കാൽപ്പാട് നേപ്പാളിലെ മകാലു ബേസ് ക്യാമ്പിന് സമീപമാണ് കണ്ടതെന്ന് സേനയുടെ ട്വിറ്റർ കുറിപ്പിൽ പറയുന്നു. മഞ്ഞിൽ പതിഞ്ഞു കണ്ട കാലടയാളത്തിന് 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയും ഉണ്ട്.

ഏപ്രിൽ 9നാണ് ഇത് കണ്ടെത്തിയത്. മുൻപ് മകാലും - ബാറുൺ നാഷണൽ പാർക്കിലാണ് യതിയെ കണ്ടിട്ടുള്ളതെന്നും സൈന്യത്തിന്റെ അറിയിപ്പിൽ പറയുന്നു. സൈനികർ പകർത്തിയ പാദമുദ്ര‌യുടെ ചിത്രവും ട്വിറ്ററിൽ നൽകിയിട്ടുണ്ട്.

മനുഷ്യനെക്കാൾ വലിപ്പമുള്ള ആജാനുബാഹുവായ യതിയെ കണ്ടതായി പലരും അവകാശപ്പെട്ടിട്ടുണ്ടെങ്കിലും വ്യക്തമായ തെളിവുകൾ കിട്ടാത്തതിനാൽ ശാസ്‌ത്രലോകം ഇങ്ങനെയൊരു ജീവി ഉള്ളതായി അംഗീകരിച്ചിട്ടില്ല. പകുതി മനുഷ്യനും പകുതി കുരങ്ങുമായ ഭീകരരൂപമായാണ് യതി ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. നൂറ്റാണ്ടുകളായി ഗവേഷകർ ഈ അജ്ഞാത ജീവിയെ കണ്ടുപിടിക്കാൻ ശ്രമിക്കുകയാണ്. ലോകത്തെ ഏറ്റവും ഉയരമുള്ള പർവത നിരകളായ ഹിമാലയത്തിലെ മകാലു ഹിമമേഖലകളിൽ യതിക്ക് വേണ്ടി നിരവധി സംഘങ്ങൾ അന്വേഷണ പര്യടനങ്ങൾ നടത്തിയിട്ടുണ്ട്. എവറസ്റ്റ് കീഴടക്കിയ സർ എഡ്മണ്ട് ഹിലാരി 1920കളിൽ യതിയെ തെരഞ്ഞ് നടന്നിട്ടുണ്ട്.

യതിയെ തേടി...

1950കളിൽ ബ്രിട്ടീഷ് പർവതാരോഹകനായ എറിക് ഷിപ്ടൺ എവറസ്റ്റിലേക്ക് ഒരു ബദൽ വഴി കണ്ടെത്താനുള്ള പര്യടനത്തിനിടയിലാണ് യതിയുടേതെന്ന് കരുതുന്ന നിരവധി കാൽപ്പാടുകൾ ആദ്യം കണ്ടെത്തിയത്

നേപ്പാൾ ഗവൺമെന്റ് 1950കളിൽ യതിയെ വേട്ടയാടി പിടിക്കാൻ ലൈസൻസ് നൽകുക വരെ ചെയ്‌തു

2008ൽ ഒരു ജാപ്പനീസ് സംഘവും ഇത്തരം ദുരൂഹമായ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു

2017ൽ അന്താരാഷ്‌ട്ര ശാസ്ത്രജ്ഞരുടെ ഒരു സംഘം ഹിമാലയത്തിൽ നിന്ന് യെതിയുടേതെന്ന് കരുതി ചില ശരീര ഭാഗങ്ങൾ കണ്ടെത്തി

 എന്നാൽ, ശാസ്‌ത്രീയ പരിശോധനയിൽ അതെല്ലാം കരടിയുടേതാണെന്ന് വ്യക്തമായി