akihit

ടോക്കിയോ: 200 വർഷത്തെ ജപ്പാന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ചക്രവർത്തി സ്വമേധയാ സ്ഥാനം ഒഴിയുന്നു. ചക്രവർത്തി അകിഹിതോയാണ് സ്ഥാനമൊഴിയാനൊരുങ്ങുന്നത്. പ്രായവും ആരോഗ്യ പ്രശ്നങ്ങളും പരിഗണിച്ചാണ് എൺപത്തിയഞ്ചുകാരനായ ചക്രവർത്തി സ്ഥാനമൊഴിയുന്നത്. ഇതോടൊപ്പം അകിഹിതോയുടെ മൂത്ത മകൻ നാറുഹിതോ ‘ഉദയസൂര്യന്റെ നാട്’ എന്നറിയപ്പെടുന്ന ജപ്പാന്റെ നൂറ്റിയിരുപത്തിയാറാമത് ചക്രവർത്തിയായി സ്ഥാനാരോഹണം ചെയ്യും.

ചക്രവർത്തിയായി 30 വർഷം പൂർത്തിയാക്കിയ ശേഷമാണ് അകിഹിതോ സ്ഥാനത്യാഗം ചെയ്യുന്നത്. പാരമ്പര്യ വേഷം ധരിച്ച് അകിഹിതോ കഷികൊഡൊകൊറോ ശ്രീകോവിലിൽ പ്രവേശിച്ച് ദേവപ്രതിഷ്ഠയ്‌ക്ക് മുന്നിലെത്തിയാണ് താൻ അധികാരത്തിൽ നിന്ന് ഒഴിയുന്നതായി അറിയിച്ചത്. കൊട്ടാരത്തിലെ ചടങ്ങുകൾക്ക് ശേഷം രാജകുടുംബാംഗങ്ങൾക്കും സർക്കാർ ഉന്നതാധികാരികൾക്കും മുമ്പാകെ വിരമിക്കൽ പ്രഖ്യാപിക്കും. അകിഹിതോ ചക്രവർത്തിയുടെ അനാരോഗ്യംമൂലം കുറേ വർഷങ്ങളായി നാറുഹിതോ രാജകുമാരനാണ് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നത്.

മരണംവരെ ചക്രവർത്തി ആ പദവിയിൽ തുടരുന്നതാണു ജപ്പാനിലെ പാരമ്പര്യം. എന്നാൽ, അനാരോഗ്യത്തിലായ താൻ സ്ഥാനത്യാഗം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് 2016ൽ തന്നെ അകിഹിതോ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ചക്രവർത്തിയുടെ സ്ഥാനത്യാഗത്തിന് ജപ്പാനിൽ നിയമം ഇല്ലായിരുന്നു. ഒടുവിൽ പാർലമെന്റ് പുതിയ നിയമം നിർമിച്ചാണ് ഇതിന് അവസരമൊരുക്കിയത്. ഇതിനു പിന്നാലെ 2017 ഡിസംബറിൽ ഇംപീരിയൽ കൗൺസിൽ യോഗം ചേർന്ന് അന്തിമ തീരുമാനമെടുത്തു.

ഒരു തുടർ ഭരണം ഉണ്ടാകണമെന്നും രണ്ടാം ലോക മഹായുദ്ധം അവശേഷിപ്പിച്ച മുറിവുകൾ വേഗം ഉണങ്ങണമെന്നും ഷിന്റോ ദേവതയായ സൂര്യനോട് പ്രാർത്ഥിച്ചുകൊണ്ടാണ് അകിഹിറ്റോ സ്ഥാനമൊഴിയാൻ തയ്യാറെടുക്കുന്നത്. മൂന്നുപതിറ്റാണ്ടിലധികം കാലമാണ് ഇദ്ദേഹം ജപ്പാന്റെ ചക്രവർത്തിപദം അലങ്കരിച്ചത്. ലോകത്തിലെ ഏറ്റവും പുരാതനമായ രാജകുടുംബങ്ങളിലൊന്നാണു ജപ്പാനിലേത്. 2600 വർഷം പാരമ്പര്യമുള്ള രാജകുടുംബത്തിൽ അവസാന സ്ഥാനത്യാഗം നടന്നത് ഇരുനൂറിലേറെ വർഷം മുൻപാണ്. ദൈവികാധികാരമുള്ള രാജവംശപരമ്പരയിലെ 125–ാമത്തെ ചക്രവർത്തിയാണ് അകിഹിതോ.