ന്യൂഡൽഹി: പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായ്‌ക്കുമെതിരെ നടപടി എടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയുടെ നിർദേശം. ഇതുസംബന്ധിച്ച് കമ്മിഷന് കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. കേസ് വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്‌ചയ്‌ക്കകം നടപടി വേണമെന്നാണ് കോടതിയുടെ നിർദേശം. കോൺഗ്രസ് എം.പി സുഷ്‌മിതാ ദേവിന്റെ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
സൈനികനടപടികളെ രാഷ്‌ട്രീയ പ്രസംഗത്തിനായി മോദിയും ഷായും ഉപയോഗപ്പെടുത്തിയെന്നാണ് സുഷ്‌മിതാ ദേവിന്റെ പരാതി. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നെങ്കിലും മോദിക്കും അമിത് ഷായ്ക്കുമെതിരേ നടപടിയെടുക്കാൻ കമ്മിഷൻ വിമുഖത കാണിക്കുന്നുവെന്ന് ആരോപിച്ചാണ് സുഷ്‌മിത സുപ്രീം കോടതിയെ സമീപിച്ചത്. പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കുമെതിരേ പെരുമാറ്റച്ചട്ടലംഘനത്തിന് നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ബി.ജെ.പി. നേതാക്കൾക്കെതിരെ പരാതി നൽകിയിട്ടും കമ്മിഷൻ നിഷ്‌ക്രിയത്വം പാലിച്ചത് വിവേചനമാണെന്ന് ഹർജിയിൽ ആരോപിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകർക്കുന്ന ഏകപക്ഷീയ നടപടിയാണിത്. നാലാഴ്ചയായി ബി.ജെ.പി. നേതാക്കൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണ്. കോൺഗ്രസ് പാർട്ടി അവർക്കെതിരെ നാൽപ്പതോളം പരാതികൾ നൽകിയിട്ടും കമ്മിഷൻ നടപടിയെടുത്തില്ലെന്നും കോൺഗ്രസ് അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ചൂണ്ടിക്കാട്ടി.