kiran-bedi

ചെന്നൈ: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ ലഫ്. ഗവർണർ കിരൺ ബേദിയ്ക്ക് അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാരിനോട് ദൈനംദിന റിപ്പോർട്ട് ആവശ്യപ്പെടുന്നതടക്കമുള്ള കേന്ദ്ര സർക്കാർ നൽകിയ പ്രത്യേക അധികാരമാണ് കോടതി റദ്ദാക്കിയത്. സർക്കാരിന്റെ ചുമതലകളിൽ ഇടപെടാൻ ബേദിയ്ക്ക് അവകാശമില്ലെന്നും. ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടുന്നത് അവസാനിപ്പിക്കണമെന്നും ഇതെല്ലാം ചെയ്യാൻ നിയുക്തനായ വ്യക്തി മുഖ്യമന്ത്രിയാണെന്നും കോടതി വ്യക്തമാക്കി. കോൺഗ്രസ് എം.എൽ.എ ലക്ഷ്മി നാരായണനാണ് ബേദിയ്ക്കെതിരെ ഹർജി നൽകിയത്. കൗൺസിൽ മന്ത്രിമാരുണ്ടായിരിക്കെ ലഫ്. ഗവർണർ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നതിനെതിരായായിരുന്നു ലക്ഷ്മി നാരായണന്റെ ഹർജി.

പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിക്ക് ഏറെ ആശ്വാസം നൽകുന്നതാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്. 2016ൽ അധികാരത്തിലേറിയത് മുതൽ നാരായണസ്വാമിയുമായി കിരൺ ബേദി അധികാരതർക്കത്തിലായിരുന്നു. ദൈനംദിന കാര്യങ്ങളിൽ ലഫ്. ഗവർണർ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കിരൺ ബേദിയുടെ ഓഫീസിന് മുന്നിൽ നേരത്തെ സമരം നടത്തിയിരുന്നു.