പന്തുകളുടെ ഡോക്ടർ സദാശിവൻ ചേട്ടന് ഇന്ന് പിറന്നാൾ മധുരം
തിരുവനന്തപുരം: തലസ്ഥാനത്തെ സ്റ്റേഡിയങ്ങളിൽ ഫുട്ബാ ൾകളിയോ പരിശീലനമോ ഉണ്ടെങ്കിൽ സദാശിവൻ ചേട്ടൻ അവിടെ ഹാജരുണ്ടാകും.കളിക്കളത്തിലേക്ക് ഉരുളും മുമ്പ് പന്തിന്റെ പൾസ് പിടിച്ചുനോക്കും.കാറ്റ് ശരിക്കുണ്ടോ...എവിടെയെങ്കിലും കീറിയിട്ടുണ്ടോ..? അത് നോക്കാനുള്ള അവകാശം കഴിഞ്ഞ 47 വർഷമായി കളിക്കാർ ചേട്ടന് അനുവദിച്ചു നൽകിയിട്ടുണ്ട്. കാരണം ഈ എഴുപത്തിമൂന്നുകാരന് പന്തുകളുടെ നാഡിമിടിപ്പ് അറിയാം.ഫുട്ബാൾ റിപ്പയർ ചെയ്യുന്നതിൽ വിദഗ്ദ്ധനാണ് സദാശിവൻ. പന്തിന്റെ ഏത് തകരാറും പരിഹരിക്കും.സ്കൂൾകുട്ടികൾക്കു മാത്രമല്ല,തലസ്ഥാനത്തെ ക്ലബുകൾക്കും സദാശിവന്റെ സേവനം ആവശ്യമുള്ളവരാണ്.
ഒരു പന്ത് റിപ്പയർ ചെയ്യുന്നതിന് 80 രൂപയാണ് കൂലി.അത് നിർബന്ധമില്ല കൊടുത്താൽ വാങ്ങിക്കുമെന്ന് മാത്രം.ജലന്ധറിൽ നിന്ന് ഇവിടെ വന്നയാളാണ് സദാശിവനെ പണിപടിപ്പിച്ചത്.
തിരുവനന്തപുരത്തെ കളിക്കാരെ മാത്രമല്ല,സ ്റ്റേഡിയങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ചവരെയെല്ലാം സദാശിവന് ഓർമ്മയുണ്ട്.പഴയ തലമുറയിലെ സേവ്യർ പയസ്സ്, നജിമുദ്ദീൻ, ശങ്കരൻകുട്ടി, ടൈറ്റസ് കുര്യൻ തുടങ്ങി ഐ.എം.വിജയനും പാപ്പച്ചനും ചാക്കോയ്ക്കുമൊക്കെ സദാശിവൻ ചേട്ടൻ പ്രിയങ്കരനാണ്. അടുത്തിടെ ഐ.എം.വിജയൻ പിന്നിലൂടെ വന്ന് കെട്ടിപ്പുണർന്നത് സദാശിവൻ സന്തോഷത്തോടെ ഓർക്കുന്നു.
ഇപ്പോൾ മധ്യവേനലവധിയായതിനാൽ ഫുട്ബാൾ പരിശീലനത്തിന്റെ കാലമാണ്. രാവിലെ മരുതൻകുഴി പടയണിറോഡിലെ വീട്ടിൽ നിന്ന് സദാശിവൻ നടന്ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെത്തും. അവിടെ കുട്ടികൾ കൊണ്ടുവരുന്ന പന്തുകൾക്ക് കാറ്റുണ്ടോയെന്ന് അമർത്തിനോക്കും. ഇല്ലെങ്കിൽ കാറ്റടിച്ച് നൽകും. എല്ലാം ഒരു സന്തോഷത്തിന് ചെയ്യുന്നതാണ്. കളിക്ക് സദാശിവൻ നൽകുന്ന സേവനം കണക്കിലെടുത്ത് മുൻ ഡി.ജി.പി എം.കെ.ജോസഫ് പൊലീസിൽ പാർട് ടൈം അറ്റന്ററായി ജോലി വാങ്ങിക്കൊടുത്തു. പാർട് ടൈമായതിനാൽ എഴുപതാം വയസിലാണ് വിരമിച്ചത്. പെൻഷനുണ്ട്.ജോസഫ് സാറിനെക്കുറിച്ച് പറയുമ്പോൾ നൂറുനാവാണ്. കളിയോടും കളിക്കാരോടും അദ്ദേഹം പുലർത്തിയ താത്പര്യം അതുപോലെ മറ്റാരിലും കണ്ടിട്ടില്ലെന്നാണ് സദാശിവൻ പറയുന്നത്.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ജി.വി. രാജാ ഫുട്ബാൾ ടൂർണമെന്റിനിടെ നടന്ന ഗാലറി ദുരന്തത്തിന് സാക്ഷിയായിരുന്നു സദാശിവൻ. കളിക്കിടെ ഒരു ചായകുടിക്കാൻ കൂട്ടുകാരൻ വിളിച്ചതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. സദാശിവൻ ഇരുന്ന ഭാഗമാണ് തകർന്നുവീണത്.
സദാശിവന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭാര്യ ഇപ്പോൾ ഒരു മകന്റ കൂടെ തൃശൂരിലാണ്. തിരുവനന്തപുരത്തെ വീട്ടിൽ സദാശിവൻ ഒറ്റയ്ക്കാണ്. അസുഖങ്ങളൊന്നുമില്ല.വിശപ്പ് കുറവായതിനാൽ ഭക്ഷണം അല്പ്പമേ കഴിക്കുകയുള്ളു. കൂടുതൽ വെള്ളം കുടിക്കും. രാവിലെ കടയിൽ നിന്ന് അപ്പമോ ,ഇടിയപ്പമോ രണ്ടെണ്ണം വാങ്ങും .ഒരെണ്ണം കഴിക്കും മറ്റേത് പൂച്ചകൾക്ക് കൊടുക്കും.രാത്രിയിലും ഇങ്ങനെതന്നെ. ഉച്ചയ്ക്ക് ഒന്നും കഴിക്കില്ല.
പന്ത് നന്നാക്കുന്നതിന് പുറമെ ബാറ്റ് വരിഞ്ഞുകൊടുക്കുകയും ചെയ്യാറുണ്ട്. ഇന്ന് സദാശിവൻ ചേട്ടന്റെ എഴുപത്തിമൂന്നാം പിറന്നാളാണ്. ആഘോഷങ്ങളില്ലാതെ,കളിക്കളങ്ങളിലൂടെ പന്ത് ഡോക്ടറുടെ ജീവിതയാത്ര തുടരുന്നു.
(സദാശിവന്റെ
ഫോൺ: 9142943758).