modi-and-priyanka

അമേതി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ പ്രിയങ്കയില്ലെന്നും കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി അജയ് റായിയായിരിക്കും മത്സരിക്കുകയെന്ന് ദിവസങ്ങൾക്ക് മുമ്പ് നേതൃത്വം അറിയിക്കുകയും ചെയ്തു. മോദിക്കെതിരെയുള്ള പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം വളരെ ആകാക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കിയത്. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉയർന്നതോടെ കോൺഗ്രസ് ക്യാമ്പുകളിൽ ആവേശത്തിന്റെ തിരമാലയായിരുന്നു. എന്നാൽ പ്രവർത്തകരെയും നേതാക്കളെയും നിരാശരാക്കിക്കൊണ്ടാണ് നേതൃത്വത്തിന്റെ അവസാന തീരുമാനം പുറത്തുവന്നത്.

എന്നാൽ ഇപ്പോഴിതാ വാരണാസിയിൽ മത്സരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പ്രിയങ്ക ഗാന്ധി തന്നെ രംഗത്തെത്തിയിരിക്കുന്നു. നിലവിൽ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് പാർട്ടി പ്രിയങ്ക ഗാന്ധിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ആകെ 80 സീറ്റിൽ 41ഉം ഈ മേഖലയിലാണ്. ഈ 41 സീറ്റും പിടിച്ചെടുക്കേണ്ട വലിയ ദൗത്യം തന്നെ ചുമതലപ്പെടുത്തിയത് കൊണ്ടാണ് വാരണാസിയിൽ മത്സരിക്കുന്നതിൽ നിന്നും പിന്മാറിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അമേതിയിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിനിടെ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്.

കിഴക്കൻ ഉത്തർപ്രദേശിലെ 41 സീറ്റിലും മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് അവരുടെ പ്രചാരണത്തിനായി തന്റെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ താൻ മോദിക്കെതിരെ മത്സരിച്ചാൽ പൂർണ ശ്രദ്ധ വാരണാസിയിൽ കേന്ദ്രീകരിക്കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

മറ്റ് ഉത്തരവാദിത്തങ്ങൾ ഉള്ളത് കൊണ്ടാണ് വാരണാസിയിൽ മത്സരിക്കാനില്ലെന്ന് പ്രിയങ്ക തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് സാം പിത്രോദയും പറഞ്ഞിരുന്നു. ഒന്നിൽ കൂടുതൽ സീറ്റിൽ മത്സരിക്കുന്നതിനെക്കാളും തന്റെ ഉത്തരവാദിത്തങ്ങൾ ചെയ്ത് തീർക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാമെന്നാണ് പ്രിയങ്ക വിചാരിച്ചത്. അത് തന്നെയായിരുന്നു അവരുടെ തീരുമാനം. അതവർ നടപ്പിലാക്കുകയും ചെയ്തതായി സാം പിത്രോദ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ തവണ മത്സരിച്ച അജയ് റായിയെ തന്നെയാണ് വാരണാസിയിൽ കോൺഗ്രസ് രംഗത്തിറക്കുന്നത്. കഴിഞ്ഞ തവണ മോദിക്കെതിരെ മത്സരിച്ച് അജയ് റായി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. 75,614 വോട്ടാണ് അജയ് റായ് കഴിഞ്ഞ തവണ തേടിയത്. ആകെ പോൾ ചെയ്ത വോട്ടിന്റെ ഏഴര ശതമാനം വോട്ട് മാത്രമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. കിഴക്കൻ ഉത്തർപ്രദേശിലെ ശക്തനായ നേതാക്കളിലൊരാളാണ് അജയ് റായ്.