election-2019

അമേതി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ് ശുദ്ധ അസംബന്ധമാണെന്ന് സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി. ഞാനിതിന് മുമ്പ് ഇങ്ങനെയൊരു അസംബന്ധം കേട്ടിട്ടില്ല. രാഹുൽ ജനിച്ചതും വളർന്നതും ഇവിടെയാണെന്ന് എല്ലാവർക്കും അറിയാം. രാഹുൽ ഇവിടെ എല്ലാവർക്കും മുന്നിലാണ് വളർന്നത്. തോൽക്കുമെന്നുള്ള ബി.ജെ.പിയുടെ ഭയമാണ് നോട്ടീസിന് പിന്നിൽ- പ്രിയങ്ക പറഞ്ഞു.

14 ദിവസത്തിനുള്ളിൽ തന്റെ പൗരത്വം സംബന്ധിച്ച് വ്യക്തത വരുത്താൻ ആവശ്യപ്പെട്ടാണ് ആഭ്യന്തര മന്ത്രാലയ ഡയറക്ടർ ബി.സി. ജോഷി രാഹുലിന് നോട്ടീസയച്ചത്. 2003ൽ ബ്രിട്ടനിൽ രജിസ്റ്റർ‌ ചെയ്തിട്ടുള്ള ബാക്കോപ്സ് ലിമിറ്റഡിന്റെ ഡയറക്ടർമാരിൽ ഒരാളാണ് രാഹുലെന്നും അവിടെ നൽകിയിരിക്കുന്ന രേഖകളിൽ രാഹുൽ ബ്രിട്ടീഷ് പൗരനാണെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമിയാണ് പരാതി നൽകിയത്. അമേതിയിലെ സ്വതന്ത്രസ്ഥാനാർത്ഥിയും രാഹുലിന്റെ ബ്രിട്ടൻ പൗരത്വവിഷയം ഉന്നയിച്ച് നേരത്തേ രംഗത്തെത്തിയിരുന്നു.