ഭോപ്പാൽ: ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കെ ബി.എസ്.പിക്ക് തിരിച്ചടിയായി കോൺഗ്രസിന്റെ രാഷ്ട്രീയ നീക്കം. മദ്ധ്യപ്രദേശിലെ ശക്തനായ ബി.എസ്.പി സ്ഥാനാർത്ഥിയെ രാജിവയ്പ്പിച്ച് പാർട്ടിയിൽ അംഗത്വം നൽകിയാണ് കോൺഗ്രസിന്റെ പുതിയ നീക്കം. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കവെ കോൺഗ്രസിന്റെ നീക്കം ബി.എസ്.പിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സംഭവത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ബി.എസ്.പി അദ്ധ്യക്ഷ മായാവതി, മദ്ധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിന് നൽകിവരുന്ന പിന്തുണ പിൻവലിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ബി.എസ്.പിയെ ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമമെന്നും അവർ കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ മൽസരിക്കുന്ന ഗുണ മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാർത്ഥി ലോകന്ദ്രസിംഗ് രജ്പുതാണ് അപ്രതീക്ഷിതമായി കോൺഗ്രസിൽ ചേർന്നത്.
യുവ നേതാവ് ലോകേന്ദ്രസിംഗ് രജ്പുതിനെയാണ് മായാവതി ഗുണയിൽ സ്ഥാനാർഥിയാക്കിയത്. കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഏറെ കാലമായി ജയിച്ചുവരുന്ന മണ്ഡലമാണ് ഗുണ. ഈ സീറ്റ് പിടിച്ചെടുക്കാമെന്ന് ബി.എസ്.പിയുടെ നീക്കത്തിനാണ് ഇപ്പോൾ കോൺഗ്രസ് പിടിച്ചുകെട്ടിയിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് അംഗത്വമെടുത്ത ലോകേന്ദ്രസിംഗിനോടൊപ്പം നിരവധി പ്രവർത്തകർ കോൺഗ്രസിലേക്ക് ചേരുമെന്നാണ് സൂചന.
നിലവിൽ മദ്ധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന് ബി.എസ്.പി പിന്തുണ നൽകുന്നുണ്ട്. നിരുപാധിക പിന്തുണയാണ് നൽകുന്നത്. പുതിയ സാഹചര്യത്തിൽ പിന്തുണ പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് മായാവതി. കോൺഗ്രസ് നേതാക്കൾ അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്ന് മായാവതി ആരോപിച്ചു. ശക്തി കാണിച്ച് തങ്ങളുടെ പ്രവർത്തകരിൽ സമ്മർദ്ദം ചെലുത്തുകയാണ്. ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ കോൺഗ്രസിലെത്തിക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തുന്നു. 230 അംഗ നിയമസഭയാണ് മദ്ധ്യപ്രദേശിൽ. 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിന് 113 സീറ്റാണ് ലഭിച്ചത്. ബി.എസ്.പിയുടെ രണ്ട്, എസ്.പിയുടെ ഒന്ന്, നാല് സ്വതന്ത്രർ എന്നിവരുടെ പിന്തുണയോടെയാണ് കമൽനാഥ് സർക്കാരിന്റെ ഭരണം.