champions-legue

യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് : ഇന്ന് ഒന്നാംപാദ സെമിയിൽ ബാഴ്സലോണ - ലിവർപൂൾ പോരാട്ടം

സോണി സിക്സിൽ തത്സമയം

കാമ്പ്നൗ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിലെ ഒന്നാം പാദ പോരാട്ടത്തിൽ സ്പാനിൽ വമ്പൻമാരായ ബാഴ്സലോണയും ഇംഗ്ലീഷ് കരുത്തൻമാരായ ലിവർപൂളം തമ്മിൽ ഏറ്രുമുട്ടും. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ ബാഴ്സയുടെ തട്ടകമായ കാമ്പ്നൗവിലാണ് മത്സരം. സ്പാനിഷ് ലാലിഗ കിരീടം തുടർച്ചയായ രണ്ടാം തവണയും ഉറപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ബാഴ്സ ലിവർപൂളിനെതിരെ കളത്തിലിറങ്ങുന്നത്. മറുവശത്ത് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്രിയുമായി കിരീടത്തിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ ആവേശം ചോരാതെയാണ് ലിവർപൂളിറങ്ങുന്നത്.

കഴിഞ്ഞ ശനിയാഴ്ച ലെവാന്റെയെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ബാഴ്സലോണ സ്പാനിഷ് ലാലിഗ കിരീടം ഇത്തവണയും ഉറപ്പിച്ചത്. കുറച്ച് സീസണുകളായി ചാമ്പ്യൻസ് ലീഗ് കിരീടം കിട്ടാക്കനിയായ ബാഴ്സ 2015നു ശേഷമുള്ള ആദ്യ യൂറോപ്യൻ ചാമ്പ്യൻപട്ടമാണ് ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ റയൽ മാഡ്രിഡിനു മുന്നിൽ കൈവിട്ട കിരീടം ഇത്തവണ തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യമാണ് ലിവർപൂളിനുള്ളത്. മികച്ച ഫോമിലുള്ള, ഒത്തിണക്കത്തോടെ കളിക്കുന്ന ലോകോത്തര താരങ്ങൾ തമ്മിലുള്ള പോരാട്ടം കാണാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ഫുട്ബാൾ ലോകം. ഇരുടീമിലെയും പ്രമുഖ താരങ്ങളാരും പരിക്കിന്റെ പിടിയിലല്ല എന്നതും ഇരുകൂട്ടർക്കും ശുഭസൂചനയാണ്.

മുഖാമുഖം

ഇതുവരെ 8 മത്സരങ്ങളിൽ ഇരു ടീമും മുഖാമുഖം വന്നിട്ടുണ്ട്. മൂന്നെണ്ണത്തിൽ ലിവർപൂൾ ജയിച്ചു. രണ്ടെണ്ണത്തിൽ ബാഴ്സലോണ വിജയം സ്വന്തമാക്കി. 3 മത്‌സരങ്ങൾ സമനിലയായി. ഇടീമും ആറ് ഗോളുകൾ വീതം അടിച്ചുട്ടുണ്ട്.

ഓർമ്മിക്കാൻ

സ്വന്തം തട്ടകത്തിൽ അവസാനം കളിച്ച 31 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും ബാഴ്സലോണ തോറ്രിട്ടില്ല (28 ജയം, 3 സമനില). ഇത് റെക്കാഡാണ്.

ഇരു ടീമും അഞ്ച് തവണവീതം യൂറോപ്യൻ ചാമ്പ്യൻമാരായിട്ടുണ്ട്. 2015ലാണ് ബാഴ്സ അവസാനമായി ചാമ്പ്യൻമാരായത്. 2005ലാണ് ലിവർപൂൾ അവസാനമായി കിരീടമുയർത്തിയത്.

2015ന് ശേഷം ആദ്യമായാണ് ബാഴ്സ ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ കളിക്കുന്നത്. ലിവർപൂളിന്റെ തുടർച്ചയായ രണ്ടാം സെമിയാണിത്.

ബാഴ്സയുടെ കുന്തമുനകളായ ലൂയിസ് സുവാരസിന്റെയും ഫിലിപ്പെ കൗട്ടീന്യോയുടെയും മുൻ ക്ലബാണ് ലിവർപൂൾ.