tikkaram-meena

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കള്ളവോട്ട് കണ്ടുപിടിച്ചത് വസ്തുതരമായി പഠിച്ചതിന് ശേഷമാണ്. കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമാണ് നടപടി എടുത്തതെന്നും ടിക്കാറാം മീണ പറഞ്ഞു.

'താൻ പക്ഷപാതമില്ലാതെയാണ് പ്രവർത്തിച്ചിട്ടുള്ളത്. കള്ളവോട്ട് താൻ ഒറ്റയ്ക്ക് കണ്ടെത്തിയതല്ല, വസ്തുതകൾ പരിശോധിച്ച് മാത്രമാണ് തീരുമാനങ്ങൾ എടുത്തത്. പഞ്ചായത്തംഗത്തിന് എതിരെ നടപടി ശുപാർശ ചെയ്യാൻ മാത്രമേ തനിക്കാകൂ. അത് താൻ ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്തതിലൂടെ പഞ്ചായത്തംഗം ചെയ്തത് ഗുരുതരകുറ്റകൃത്യമാണ്. അതിനെതിരെ നടപടിയുമാവശ്യമാണ്'. ഇനി തീരുമാനമെടുക്കേണ്ടത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മീണ പറഞ്ഞു.

തനിക്കെതിരെ ഉണ്ടായ രാഷ്ട്രീയ പരാമർശം വേദനിപ്പിച്ചെന്നും ടിക്കാറം മീണ പറഞ്ഞു. നേരത്തെ എൽ.ഡി.എഫ് കള്ളവോട്ട് ചെയ്തെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് കോടിയേറി ടിക്കാറാം മീണക്കെതിരെ രംഗത്തെത്തിയിരുന്നു. കള്ളവോട്ടെന്ന് ആരോപിച്ച മൂന്നു പേരെയും കുറ്റക്കാരാക്കുന്നതിന് മുൻപ് ഇലക്ഷൻ കമ്മീഷൻ ഓഫീസർ അവരുടെ വിശദീകരണം തേടാൻ പോലും തയ്യാറായില്ല.സംസ്ഥാന ഇലക്ഷൻ കമ്മിഷന് മാത്രമേ പഞ്ചായത്തംഗത്തിന്റെ സ്ഥാനം റദ്ദാക്കാൻ കഴിയുകയുള്ളു. എന്നാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസറുടെ തലയ്ക്ക് മുകളിൽ കയറി ഇരിക്കുന്ന നിലപാടാണ് ടിക്കാറാം മീണയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. മീണയുടെ നടപടികളെ നിയമപരമായി നേരിടുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.