ന്യൂഡൽഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ പീഡന പരാതിയിൽ അന്വേഷണസമിതിയുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി പരാതിക്കാരി കൂടിയായ സുപ്രിംകോടതി മുൻ ജീവനക്കാരി. അന്വേഷണത്തിന് നിയോഗിച്ച മൂന്നംഗ സമിതിയിൽ നിന്ന് തനിക്ക് നീതി ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയില്ലെന്നും അവർ പറഞ്ഞു
അന്വേഷണ സമിതി മൊഴിയെടുക്കലിന്റെ വീഡിയോ ചിത്രീകരിക്കുകയോ നേരത്തേ രേഖപ്പെടുത്തിയ മൊഴികളുടെ പകർപ്പ് കൈമാറുകയോ ചെയ്യുന്നില്ലെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് ആഭ്യന്തര സമിതിക്കു പകരം പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് തന്റെ ആവശ്യമെന്നും പരാതിക്കാരി പറഞ്ഞു. നിലവിൽ ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനും ജഡ്ജിമാരായ ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവരടങ്ങിയ സമിതിയാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസം അന്വേഷണ സമിതി പരതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ തന്റെ അഭിഭാഷകനെ പോലും കടത്തിവിടാതെയാണ് ഇതെന്നും സമിതിക്കുള്ളിലെ അന്തരീക്ഷം ഭയപ്പെടുത്തുന്ന വിധത്തിലാണെന്നും അവർ പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെയുള്ള പീഡനാരോപണത്തിനു പിന്നിലെ ഗൂഢാലോചനയും ഒത്തുകളിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ സുപ്രീം കോടതി മുൻ ജഡ്ജി എ.കെ. പട്നായിക്കാണ് അന്വേഷിക്കുന്നത്. എന്നാൽ ഇതിന് സമയപരിധി തീരുമാനിച്ചിട്ടില്ല. റിപ്പോർട്ട് രഹസ്യമായി കോടതിക്ക് കെെമാറിയതിന് ശേഷം കേസ് പരിഗണിക്കും.