കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ 40 എം.എൽ.എമാർ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ബി.ജെ.പിയിലേക്ക് കൂറുമാറുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിന് ചുട്ട മറുപടിയുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത്. 40 എം.എൽ.എമാർ കൂറുമാറുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ആദ്യം ഒരാളെയെങ്കിലും കണ്ടുപിടിക്കെന്ന് മമത പറഞ്ഞു. ഞങ്ങളുടെ പാർട്ടി നിങ്ങളെ പോലെ മോഷ്ടിക്കാൻ പോകാറില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, മോദിയുടെ പരാമർശത്തിനെതിരെ മമത തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ പരാമർശം കുതിരക്കച്ചവടമാണെന്നും അദ്ദേഹത്തിന്റെ നാമനിർദ്ദേശ പത്രിക തള്ളണമെന്നും മമത പരാതിയിൽ ആവശ്യപ്പെട്ടു.
നിങ്ങൾക്ക് നാണമില്ലേ ? ഭരണഘടനയുടെ സംരക്ഷകനെന്ന് പറയുകയും ഭരണഘടനാ പദവിയിലിരുന്ന് അത് ലംഘിക്കുകയും ചെയ്യാൻ. പ്രധാനമന്ത്രിയായിരിക്കാൻ നിങ്ങൾക്ക് യോഗ്യതയില്ല, മുൻ പ്രധാനമന്ത്രീ- മമത പറഞ്ഞു.കഴിഞ്ഞ ദിവസം സെരംപൂറിൽ നടന്ന റാലിക്കിടെ മോദി നടത്തിയ പരാമർശങ്ങൾക്കാണ് മമതയുടെ മറുപടി.
തൃണമൂൽ കോൺഗ്രസിന്റെ 40 എം.എൽ.എമാർ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ബി.ജെ.പിയിലേക്ക് കൂറുമാറുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. 'ദീദി, മേയ് 23ന് തിരഞ്ഞെടുപ്പ് ഫലംവരുമ്പോൾ എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എം.എൽ.എമാർ നിങ്ങളെവിട്ട് ഓടിപ്പോകും. ഇന്നുപോലും നിങ്ങളുടെ 40 എം.എൽ.എമാർ എന്നെ വിളിച്ചിരുന്നു." മോദി പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതയ്ക്കെതിരെയും മോദി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ''ജനങ്ങളെ ചതിച്ചുകൊണ്ട് ഇനിയും മുഖ്യമന്ത്രിയായിരിക്കാൻ നിങ്ങൾക്ക് പാടാണ്. അനുവാദത്തിനും പ്രവേശനത്തിനും ഉൾപ്പെടെ ആളുകൾ പണമെറിയേണ്ടിവരുന്നു. നിങ്ങളുടെ ആദർശങ്ങളുമായി ഒത്തുപോകാത്തവർ തൂക്കിലേറുന്നു. "മോദി ആരോപിച്ചു. ബി.ജെ.പി നേതാക്കളെ പ്രചാരണം നടത്താൻ പോലും തൃണമൂൽ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.