ന്യൂഡൽഹി: വയനാട് മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. മഹാരാഷ്ട്രയിലെ വർധയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെയാണ് മോദിയുടെ വിവാദ പരാമർശം. ഹിന്ദു മേഖലയിൽ നിന്ന് കോൺഗ്രസ് നേതാക്കൾ ഒളിച്ചോടുകയാണെന്നും ഹിന്ദുക്കളെ ഭയക്കുന്നത് കൊണ്ടാണ് ഹിന്ദുക്കൾ ന്യൂനപക്ഷമായ ഒരു മണ്ഡലത്തിൽ മത്സരിക്കാൻ തയ്യാറാകുന്നതെന്നുമാണ് മോദി പറഞ്ഞത്.
പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരാൾ വർഗീയ പരാമർശങ്ങൾ നടത്തി വോട്ട് പിടിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. അഞ്ച് വർഷം ഭരിച്ചിട്ട് പറയാൻ ഒന്നുമില്ലാത്തത് കൊണ്ടാണ് മോദി ഇപ്പോൾ ജനങ്ങളെ വർഗീയമായി തരംതിരിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.