പാലക്കാട്: ഐസിസ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ പാലക്കാട് സ്വദേശിയയായ റിയാസിനെക്കുറിച്ച് ബന്ധുക്കൾക്കും പരിസരവാസികൾക്കും കൃത്യമായ അറിവില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ റിയാസിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും തമിഴ്നാട്ടിലെ ഒരു ബന്ധുവിന്റെ വീട്ടിൽ പോയതിന് ശേഷം മാറ്റങ്ങളുണ്ടായെന്ന് പരിസരവാസികൾ പറയുന്നു.
റിയാസിനെ അറസ്റ്റ് ചെയ്തതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. മുതലമട സ്വദേശി റിയാസിന്റ അറസ്റ്റിനെ തുടർന്ന് കുടുംബാംഗങ്ങൾ മാദ്ധ്യമങ്ങളുടെ മുന്നിൽ വന്നിട്ടില്ല. റിയാസിന് തിവ്രവാദ ബന്ധം ഉള്ള കാര്യം കുടുംബാംഗങ്ങൾക്ക് അറിയില്ലായിരുന്നു. മറ്റുള്ളവരെ അഭിമുഖീകരിക്കാൻ മടിക്കുന്ന ശാന്തശീലനായ വ്യക്തിയായിരുന്നു റിയാസെന്ന് നാട്ടുകാർ പറയുന്നു.
മുതലമട ഹൈസ്‌കൂളിലായിരുന്നു റിയാസ് പഠിച്ചത്. ശാന്തശീലനായ റിയാസിനെ കുറിച്ച് നാട്ടുകാർക്ക് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. കുറച്ച് കാലം തമിഴ്നാട്ടിൽ ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടിൽ തിരിച്ചെത്തി സഹോദരന്റെ തുണിക്കടയിൽ കുറച്ച് കാലം ജോലി ചെയ്തിരുന്നുവെന്നും നാട്ടുകാർ പറയുന്നു.അതിന് ശേഷം തൊഴിൽ തേടി തമിഴ്നാട്ടിലെ ബന്ധുവിന്റെ അടുത്ത് പോയെന്നും തിരിച്ച് വന്നപ്പോൾ റിയാസിന്റെ സ്വഭാവത്തിലും പെരുമാറത്തിലും മാറ്റങ്ങൾ ഉണ്ടായെന്നും അവർ പറയുന്നു. കോയത്തമ്പത്തൂരിലുള്ള റിയാസിന്റെ ബന്ധുവിനെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം പുതുവത്സര ദിനത്തിൽ കൊച്ചിയുൾപ്പടെ വിദേശ വിനോദ സഞ്ചാരികൾ കൂടുതലായെത്തുന്ന കേന്ദ്രങ്ങളിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് റിയാസ് എൻ.ഐ.എ ഉദ്യോഗസ്ഥർക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും ഐസിസിൽ എത്തിയ മലയാളികളാണ് കേരളത്തിൽ ചാവേർ ആക്രമണത്തിന് നിർദ്ദേശം നൽകിയത്. ഇക്കാര്യം ഒപ്പമുള്ളവരെ അറിയിച്ചെങ്കിലും ആരും സഹകരിച്ചില്ലെന്നും റിയാസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.