കോഴിക്കോട്: കള്ളവോട്ടിനെ ന്യായീകരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. തിരഞ്ഞെടുപ്പ് തുടങ്ങിയ കാലം മുതൽ കള്ളവോട്ടുണ്ടെന്നും കാനം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് യു ഡി എഫ് കള്ളവോട്ട് ആരോപണവുമായി രംഗത്ത് വരുന്നതെന്ന് കാനം ചൂണ്ടിക്കാണിച്ചു. ഒഞ്ചിയത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയും ദിവസം ഇവർ എവിടെയായിരുന്നു. ഓരോ ബൂത്തിലുള്ള ഏജന്റുമാർ വേണ്ട വിധത്തിൽ പ്രവർത്തിക്കാത്തത് കൊണ്ട് ആരോപണം സർക്കാറിന്റേയും ഉദ്യോഗസ്ഥരുടേയും തലയിൽ വച്ച് കെട്ടരുതെന്നും കാനം പറഞ്ഞു.
അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വീണ്ടും രംഗത്തെത്തി. മുസ്ലീം ലീഗിന്റെ കള്ളവോട്ടിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കുന്നില്ലെന്ന് കോടിയേരി ആരോപിച്ചു. ഇടതുപക്ഷത്തിനെതിരെ നടപടിക്രമങ്ങൾ പാലിച്ചല്ല കമ്മിഷൻ നടപടിയെടുത്തതെന്നും വയനാട്ടിൽ രാഹുൽഗാന്ധി 25 കോടി രൂപ ചിലവഴിച്ചത് പരിശോധിച്ചില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.