mazood-azhar

ബെയ്ജിംഗ്: പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യു.എൻ സുരക്ഷാസമിതിയുടെ നീക്കങ്ങൾക്ക് ചൈന വഴങ്ങുന്നതായി സൂചന. എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനമെടുക്കാമെന്നും എന്നാൽ, ഇതുസംബന്ധിച്ച് ഒരു പ്രത്യേകസമയം പറയുന്നില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാംഗ് അറിയിച്ചു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിംഗും ബെയ്ജിംഗിൽവച്ച് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം. ഇതോടെ, മസൂദിനെ യു.എന്നിന്റെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഇന്ത്യയുടെ നിരന്തരശ്രമങ്ങൾ ഫലംകാണുമെന്നാണ് സൂചനകൾ. പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേർക്ക് ജയ്ഷെ മുഹമ്മദ് ഭീകരൻ നടത്തിയ ചാവേറാക്രമണത്തിന് ശേഷമാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യ വീണ്ടും രംഗത്തെത്തിയത്.

ഇക്കാര്യത്തിൽ യു.എൻ ഇന്ന് തീരുമാനമെടുത്തേക്കും. മുമ്പ് നാലു തവണ മസൂദിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള യു.എന്നിന്റെ നീക്കം വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടഞ്ഞിരുന്നു. അതേസമയം, നിലപാട് മാറ്റാനായി യു.എസ്, ഫ്രാൻസ്, ബ്രിട്ടൻ എന്നിവർ ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 13നാണ് മസൂദിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന പ്രമേയം യു.എന്നിൽ അവതരിക്കപ്പെട്ടത്. എന്നാൽ, പലവിധ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചൈന ഇക്കാര്യത്തിൽ തീരുമാനം നീട്ടുകയായിരുന്നു. എന്നാൽ, യു.എസും ഫ്രാൻസും ബ്രിട്ടനും ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തുകയും പ്രമേയത്തെ അംഗീകരിച്ചില്ലെങ്കിൽ മറ്റു വഴികൾ തേടുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു.

ഈ വിഷയത്തിൽ പാകിസ്ഥാനുള്ള എതിർപ്പാണ് പാക് സൗഹൃദരാഷ്ട്രമായ ചൈനയെ അനുകൂല തീരുമാനമെടുക്കുന്നതിൽനിന്ന് പിന്തിരിപ്പിച്ചിരുന്നത്. എന്നാൽ, മസൂദിനെതിരെയുള്ള അന്താരാഷ്ട്ര സമ്മർദം ചൈനയ്ക്ക് മേൽ വർദ്ധിച്ചതാണ് നിലപാട് മാറ്റത്തിന് പിന്നിലെ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.