പൊന്നാനി: രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ വരുന്നത് എന്ത് ലക്ഷ്യത്തോടെയാണെന്ന് പൊതുജനങ്ങൾക്ക് വ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊന്നാനി ലോക്സഭ മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി പി.വി. അൻവറിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്കെതിരെ നിർണ്ണായക പോരാട്ടം നടക്കുന്ന തിരഞ്ഞെടുപ്പിൽ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കേരളത്തിൽ മത്സരിക്കാൻ തയ്യാറായതിലൂടെ രാജ്യത്തിന് നൽകുന്ന സന്ദേശമെന്താണ്. നിങ്ങൾ പരാജയപ്പെടുത്തേണ്ട ശക്തി ഏതാണ്. ബി.ജെ.പിയോ ഇടതുപക്ഷമോ. കർമ്മത്തിലൂടെ ഇടതുപക്ഷത്തെയാണ് തോൽപ്പിക്കേണ്ടതെന്നാണ് വയനാട്ടിലെ സ്ഥാനാർത്ഥിത്വം വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിൽ ജയവും തോൽവിയും സാധാരണമാണ്. നാല് വോട്ടിനും സീറ്റിനും വേണ്ടി വർഗ്ഗീയതയോട് സമരസപ്പെടുന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. പഴയ കോ-ലീ-ബി സഖ്യം വീണ്ടും പൊടി തട്ടിയെടുക്കുകയാണ്. പരാജയമൊഴിവാക്കാൻ കോൺഗ്രസ് ബി.ജെ.പിയോടൊപ്പം കൂടുന്നു. കോൺഗ്രസിന്റെ അതേവഴി സ്വീകരിച്ച് മുസ്ലിം ലീഗ് എസ്.ഡി.പി.ഐ പോലുള്ള വിഭാഗങ്ങളുമായി ചർച്ച നടത്തുന്നു. ഇടതുപക്ഷത്തെ തകർക്കാൻ ബി.ജെ.പിയുമായി സമരസപ്പെടുകയെന്ന നയമാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. നേരത്തെ വ്യാപകമായി വോട്ട് വിൽപ്പനയ്ക്ക് വച്ചിരുന്ന ബി.ജെ.പി ചില സീറ്റുകളിൽ ഇപ്പോഴുമത് തുടരുന്നു. അനുഭവത്തിൽ നിന്ന് ഒരു പാഠവും പഠിക്കാത്തവരായി കോൺഗ്രസ് മാറി. ഒരു അറച്ചു നിൽപ്പുമില്ലാതെ ബി.ജെ.പിയിലേക്ക് പോകുന്നവരായി കോൺഗ്രസുകാർ മാറുന്നു. തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാൽ കോൺഗ്രസുകാരായി തുടരുമെന്ന് യാതൊരു ഉറപ്പുമില്ല. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തിയെന്തെന്ന് രാജ്യം അനുഭവിച്ചറിഞ്ഞതാണ്. ബി.ജെ.പിയുടേയും കോൺഗ്രസിന്റെയും നയങ്ങളിൽ യാതൊരു മാറ്റവുമില്ല. ഇതിൽ നിന്ന് വ്യത്യസ്തമായി ബദൽ നയത്തിനൊപ്പമാണ് ഇടതുപക്ഷമുള്ളത്. കേരളത്തിൽ അത്തരമൊരു ബദൽ നയമാണ് നടപ്പാക്കിയതെന്നും പിണറായി വിജയൻ പറഞ്ഞു.
പൊതുയോഗം എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. അജിത് കൊളാടി അദ്ധ്യക്ഷത വഹിച്ചു. പാലോളി മുഹമ്മദ് കുട്ടി, കെ.ഇ. ഇസ്മായിൽ, ഇ.എൻ. മോഹൻദാസ്, നന്ദകുമാർ, ഇ. അബ്ദുന്നാസർ, റഫീഖ് മാറഞ്ചേരി, വി. അബ്ദുറഹ്മാൻ എം.എൽ എ, സ്ഥാനാർത്ഥി പി.വി. അൻവർ, അഡ്വ. പി.കെ. ഖലീമുദ്ദീൻ എന്നിവർ പ്രസംഗിച്ചു.