മലപ്പുറം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണത്തിന്റെ അഞ്ചാം ദിവസം ജില്ലയിൽ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികളായ വി.ടി. രമയും വി.ഉണ്ണികൃഷ്ണനും പത്രിക സമർപ്പിച്ചു. ഇതോടെ ജില്ലയിൽ പത്രിക നൽകിയ സ്ഥാനാർത്ഥികളുടെ ആകെ എണ്ണം ആറായി.
ജില്ല തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടർ അമിത് മീണയ്ക്ക് മുമ്പാകെ ഇരുവരും ഒരു സെറ്റ് പത്രികയാണ് നൽകിയത്. ഇ.ടി മുഹമ്മദ് ബഷീർ, പി.കെ. കുഞ്ഞാലിക്കുട്ടി.(ഐ.യു.എം.എൽ.), ബിന്ദു, പി.പി. നൗഷാദ് (സ്വതന്ത്രർ) എന്നിവരാണ് ഇതുവരെ പത്രിക നൽകിയ മറ്റ് സ്ഥാനാർത്ഥികൾ.
ബി.ജെ.പി ഓഫീസിൽ നിന്ന് പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിക്കാനെത്തിയത്. സ്ഥാനാർത്ഥികൾക്കൊപ്പം ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രൻ, ദേശീയ സമിതിയംഗങ്ങളായ കെ.ജനചന്ദ്രൻ, പി.ടി.ആലി ഹാജി, മേഖല നേതാക്കളായ കെ.നാരായണൻ, എം.പ്രേമൻ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ദാസൻ കോട്ടയ്ക്കൽ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി രവി തേലത്ത്, അഡ്വ.എൻ.ശ്രീപ്രകാശ്, ഗീതാ മാധവൻ, പ്രദീപ് ചുങ്കപ്പള്ളി, ദീപ പുഴയ്ക്കൽ, കെ.നന്ദകുമാർ, കെ.പി.മാധവൻ, എം.കെ.ദേവീദാസൻ എന്നിവരുമുണ്ടായിരുന്നു.