മഞ്ചേരി: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ മഞ്ചേരിയിൽ പുതിയ ഗതാഗത പരിഷ്കാരം പ്രാവർത്തികമായി. കച്ചേരിപ്പടി ഐ.ജി.ബി.ടി സ്റ്റാൻഡിൽ നിന്നു മലപ്പുറം പെരിന്തൽമണ്ണ ഭാഗങ്ങളിലേക്കും മറ്റിടങ്ങളിലേക്കുള്ള സർവീസുകൾ പാണ്ടിക്കാട് റോഡിലെ സീതിഹാജി സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന വിധത്തിലാണ് പുതിയ പരിഷ്കാരം. പതിവുപോലെ പ്രതിഷേധങ്ങളും പരിഷ്കാരത്തിനെതിരെ ഉയർന്നു. ഒരു വിഭാഗം സ്വകാര്യ ബസുകൾ സർവീസ് നിറുത്തിവച്ച് പ്രതിഷേധിച്ചു.
അപകടാവസ്ഥയിലായ പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള ബസ് സർവീസ് പൂർണ്ണമായും നിരോധിച്ചു. നേരത്തെ കച്ചേരിപ്പടി സ്റ്റാൻഡിൽ നിന്നും സർവീസ് നടത്തിയ കോഴിക്കോട്, കൊണ്ടോട്ടി ഭാഗത്തേക്കുള്ള ബസുകൾ സീതിഹാജി സ്റ്റാൻഡിൽ നിന്നും സർവീസ് ആരംഭിച്ച് സി.എച്ച് ബൈപ്പാസ്, ജസീല ജംഗ്ഷൻ വഴി കോഴിക്കോട്ടേക്ക് പോകുന്നതാണ് പുതിയ രീതി. മലപ്പുറം, തിരൂർ, പെരിന്തൽമണ്ണ, പരപ്പനങ്ങാടി ഭാഗത്തേക്കുള്ള ബസുകൾ ഇനി കച്ചേരിപ്പടിയിൽ നിന്നാണ് സർവീസ് നടത്തുന്നത്. തിരിച്ച് വരുമ്പോൾ സ്റ്റാൻഡിൽ കയറാതെ തുറയ്ക്കൽ ബൈപ്പാസ് വഴി സെൻട്രൽ ജംഗ്ഷനിലെത്തി ആളെയിറക്കി മെഡിക്കൽ കോളേജ് വഴി കച്ചേരിപ്പടിയിലക്ക് പോകും.
പഴയ സ്റ്റാൻഡിൽ നിന്നും സർവീസ് നടത്തിയ കിഴിശ്ശേരി, പൂക്കോട്ടൂർ ഭാഗത്തേക്കുള്ള ബസുകൾ സീതിഹാജി ബസ് സ്റ്റാൻഡിൽ നിന്നും സർവീസ് നടത്തും. എന്നാൽ ഇതിനെതിരേയും പ്രതിഷേധം വ്യാപകമായുണ്ട്. പ്രഖ്യാപിത തീരുമാനങ്ങൾ പ്രാവർത്തികമാക്കുന്നതിൽ വീഴ്ച വരുത്തി എന്നാരോപിച്ച് മലപ്പുറം- പെരിന്തൽമണ്ണ ഭാഗങ്ങളിലേക്കുള്ള വലിയൊരു വിഭാഗം സ്വകാര്യ ബസുകൾ സർവീസിൽ നിന്നു വിട്ടു നിന്നു. നിലവിലെ തീരുമാനമനുസരിച്ച് ആനക്കയം ഭാഗത്തു നിന്നു വരുന്ന ബസുകൾക്ക് പാണ്ടിക്കാട് റോഡിലെ സീതിഹാജി സ്റ്റാൻഡിലും പഴയ ബസ് സ്റ്റാൻഡിലും പ്രവേശനം നിഷേധിച്ചതിനെതിരെ സ്വകാര്യ ബസ് ജീവനക്കാരും ഉടമകളുമാണ് സമര രംഗത്തുള്ളത്. ബസ്ബേ സംവിധാനം പോലുമില്ലാതെ യാത്രക്കാരെ പെരുവഴിയിൽ ഇറക്കുന്ന തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ വാദം. അടിക്കടി മാറുന്ന ഗതാഗത രീതി നഗരത്തിൽ യാത്രക്കാരെയും വെട്ടിലാക്കുന്നുണ്ട്. നഗരത്തിൽ ആവശ്യമായ സ്ഥലങ്ങളിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ നിർമ്മിക്കുമെന്ന അധികൃതരുടെ വാദം നടപ്പാവാത്തത് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമാവുന്നുണ്ട്.
കരിദിനം ആചരിച്ചു
മഞ്ചേരി: നഗരത്തിൽ പ്രാവർത്തികമാക്കിയ പുതിയ ബസ് ഗതാഗത രീതിയിൽ പ്രതിഷേധിച്ച് ടൗൺ സംരക്ഷണ സമിതി കരിദിനം ആചരിച്ചു.
യാത്രക്കാരെയും ചെറുകിട വ്യാപാരികളെയും പെരുവഴിയിലാക്കുന്ന നീക്കത്തിനെതിരെയായിരുന്നു കരിദിനാചരണം.
നഗരമദ്ധ്യത്തിലെ പഴയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ഇനി ബസുകളെ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന തീരുമാനത്തിനെതിരെയാണ് ടൗൺ സംരക്ഷണ സമിതി പ്രധാനമായും രംഗത്തു വന്നത്. നഗരമദ്ധ്യത്തിലും ബസ് സ്റ്റാന്റ് പരിസരങ്ങളിലും കരിങ്കൊടി കെട്ടിയായിരുന്നു പ്രതിഷേധം.
പൊരി വെയിലിലേക്ക് യാത്രക്കാരെ തള്ളിവിടാനാവില്ലെന്നും നഗരത്തിൽ നിലവിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താതെയുള്ള വികസന കാഴ്ചപ്പാടുകൾ പാടില്ലെന്നും ടൗൺ സംരക്ഷണ സമിതി ഭാരവാഹികൾ പറയുന്നു.
സമിതിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രകടനം നടത്തി. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ഇല്ലാത്തപക്ഷം പ്രക്ഷോഭം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.