മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വ‌ർഷത്തെ ആദ്യ തീർത്ഥാടക സംഘം ജൂലായ് നാലിന് കരിപ്പൂ‌ർ വിമാനത്താവളത്തിൽ നിന്നു പുറപ്പെടുമെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുതുതായി പ്രഖ്യാപിച്ച ക്വോട്ട പ്രകാരം 25,​000 ഹാജിമാർക്ക് കൂടി അവസരം ലഭിക്കും. കേരളത്തിലെ വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 2,​000 വരെയുള്ളവർ ഈ മാസം എട്ടിനും 22നുമിടയിൽ പാസ്‌പോർട്ട് ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കണം.

ഹജ്ജിന് മുമ്പ് നേരിട്ട് മദീനയിലേക്ക് പുറപ്പെടുന്ന രീതിയാണ് ഇത്തവണ കേരളത്തിലെ തീർത്ഥാടകർക്ക് വേണ്ടി അനുവദിച്ചിട്ടുള്ളത്. നേരത്തേ ജിദ്ദ വഴി മക്കയിലേക്ക് പുറപ്പെട്ട് ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം മദീന സന്ദർശിച്ച് അവിടെ നിന്ന് മടങ്ങാറാണ് പതിവ്. തീർത്ഥാടകർക്കുള്ള വാക്‌സിനേഷൻ റംസാൻ നോമ്പിനു മുമ്പ് പൂർത്തിയാക്കും. ഹജ്ജ് യാത്രാസൗകര്യങ്ങൾ വിലയിരുത്തുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ഡോ. മഖ്സൂദ് ഖാൻ ഉടൻ കേരളം സന്ദർശിക്കും. സൗദി എയർലൈൻസ്,​ എയർ ഇന്ത്യ എന്നിവയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും മുഹമ്മദ് ഫൈസി അറിയിച്ചു.