മഞ്ചേരി: ദേശീയതലത്തിൽ രാജ്യത്തിന്റെ ഭാവി സംരക്ഷിക്കേണ്ട പോരാട്ടത്തിൽ കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വയനാട്ടിൽ രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഞ്ചേരിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി.സാനുവിന്റെ തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തെ വർഗീയ ശക്തികളിൽ നിന്നു മുക്തമാക്കാൻ വ്യക്തമായ കാഴ്ചപ്പാടോടെ രാഷ്ട്രീയ പോരാട്ടം നടത്തുന്ന ഇടതുപക്ഷത്തോട് വയനാട്ടിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മത്സരിക്കുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം തെളിയിക്കുന്നു. രാഹുൽ ഗാന്ധിക്കെതിരെ സ്ഥാനാർത്ഥിയെ നിറുത്തരുതെന്ന കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിർദ്ദേശം ഇടതുമുന്നണിയോടു വേണ്ട. അത് ബി.ജെ.പി നിറവേറ്റിയിട്ടുണ്ടെന്നും അവിശുദ്ധ രാഷ്ട്രീയത്തിന്റെ മുഖമാണിതെന്നും അദ്ദേഹം ആരോപിച്ചു. മതനിരപേക്ഷമെന്ന് പറയുന്നതല്ലാതെ വർഗീയ ശക്തികൾക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കോൺഗ്രസിനും മുസ്ലിം ലീഗിനും സാധിച്ചിട്ടില്ല. ആർ.എസ്.എസിനെ എതിർക്കുന്നതിനു പകരം സമരസപ്പെട്ടു പോവുകയാണ് കോൺഗ്രസ്. വർഗ്ഗീയതയിൽ ആർ.എസ്.എസിന്റെ എതിർപകർപ്പായ എസ്.ഡി.പി.ഐയുമായാണ് ലീഗിനു കൂട്ട്. നാലു വോട്ടുകൾക്കു വേണ്ടി ഏതു വർഗീയ ശക്തികളെയും കൂട്ടുപിടിക്കുകയാണ് ഇവരെന്നും പിണറായി പറഞ്ഞു. ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തിലേറിയാൽ രാജ്യത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാവും. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്കു ഊന്നൽ നൽകുന്ന ബദൽ നയം മുന്നോട്ടു വയ്ക്കുന്ന മതനിരപേക്ഷ സർക്കാർ അധികാരത്തിലേറണം. അതിന് ഇടതുശക്തികളുടെ സാന്നിദ്ധ്യം ലോക്സഭയിൽ ശക്തമാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ കൃഷ്ണദാസ് രാജ അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി വി.പി.സാനു, എൽ.ഡി.എഫ്. കൺവീനർ എ വിജയരാഘവൻ, ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുൾ വഹാബ്, സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, പി.പി. വാസുദേവൻ, കൺവീനർ വി.അജിത്ത് കുമാർ, മുൻ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, വിവിധ ഘടകക്ഷി നേതാക്കളായ അഡ്വ. കെ. മോഹൻദാസ്, അഡ്വ. സഫറുള്ള, അഡ്വ. ബാബു കാർത്തികേയൻ, കവറൊടി മുഹമ്മദ് , മാത്യു സെബാസ്റ്റ്യൻ, സബാഹ് പുൽപറ്റ, പി. ബാബു, പി.ഗൗരി, വിജയലക്ഷ്മി, ഖാലിദ് തുടങ്ങിയവർ പ്രസംഗിച്ചു