മലപ്പുറം: വേനൽ കടുത്തതോടെ ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തവും വയറിളക്കവും വയറുകടിയും വർദ്ധിച്ച സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ജലക്ഷാമം മൂലം ടൈഫോയ്ഡ്, കോളറ എന്നിവയ്ക്കും സാദ്ധ്യതയുണ്ട്. ജില്ലയിൽ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 1,500ഓളം പേരാണ് വയറിളക്കം ബാധിച്ച് ചികിത്സ തേടിയത്. ഏതു വയറിളക്കവും അപകടകാരിയാകാമെന്നതിനാൽ ആരംഭത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങണം. ശരീരത്തിൽ നിന്ന് 10 ശതമാനത്തിൽ കൂടുതൽ ജലാംശം നഷ്ടപ്പെട്ടാൽ അത് നിർജ്ജലീകരണത്തിന് കാരണമാവും. യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം സംഭവിക്കാനിടയുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വയറിളക്കത്തിന്റെ പ്രാരംഭഘട്ടത്തിൽ ഒ.ആർ.എസ്. മിശ്രിതമോ ഉപ്പിട്ട കഞ്ഞിവെള്ളമോ മോരിൻവെള്ളമോ ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാ വെള്ളമോ രോഗിക്ക് ഇടവിട്ട് നൽകണമെന്നും അധികൃതർ അറിയിച്ചു.
കുടിവെള്ള സ്രോതസുകൾ വറ്റിവരളാൻ തുടങ്ങിയതും ശുദ്ധജല ലഭ്യത കുറഞ്ഞതും രോഗവ്യാപന ഭീഷണി ഉയർത്തുന്നുണ്ട്. കുടിവെള്ള ടാങ്കറുകളിൽ കൊണ്ടുവരുന്ന വെള്ളത്തിന്റെ ശുദ്ധത സംബന്ധിച്ചും ആശങ്കയുണ്ട്. ടാങ്കർ വെള്ളത്തിന് ആവശ്യക്കാർ വലിയതോതിൽ വർദ്ധിച്ചതോടെ ലാഭം ലക്ഷ്യമിട്ട് മലിനസ്രോതസുകളിൽ നിന്ന് വെള്ളമെടുക്കുന്ന പ്രവണത വർദ്ധിച്ചു. ടാങ്കർ വെള്ളം പരിശോധിക്കാൻ അധികൃതർ തയ്യാറാവാത്തതും ഇവക്ക് തുണയാകുന്നുണ്ട്.
ആഹാരത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്ന മഞ്ഞപ്പിത്തവും വർദ്ധിച്ചു. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഏഴ് പേരും ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് മൂന്നുപേരും സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. സ്വകാര്യ ക്ലിനിക്കുകളിലും മറ്റും ചികിത്സ തേടുന്നവരുടെ എണ്ണം ഇതിനുപുറത്താണ്.
ആരംഭത്തിലേ ചികിത്സ ലഭ്യമാക്കിയാൽ ഗുരുതരമായ സങ്കീർണ്ണതകൾ ഒഴിവാക്കാനാവുമെന്നും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ പറയുന്നു. പലപ്പോഴും ഒറ്റമൂലി ചികിത്സകളെയും മറ്റും ആശ്രയിക്കുന്നതും രോഗം ഗുരുതരമാവാൻ കാരണമാകുന്നുണ്ട്. ജില്ലയിൽ അനധികൃത ഒറ്റമൂലി ചികിത്സാ കേന്ദ്രങ്ങൾ നിരവധിയുണ്ട്. ചിക്കൻ പോക്സ് ബാധിതരുടെ എണ്ണത്തിലും കുറവില്ല. ഒരാഴ്ച്ചയ്ക്കിടെ 150 പേർക്ക് അസുഖം ബാധിച്ചു. പകർച്ചപ്പനി ബാധിതരുടെ എണ്ണത്തിൽ അൽപ്പം കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം 809 പേർക്കാണ് പനി ബാധിച്ചത്. ഒരാഴ്ച്ചക്കിടെ 5,465 പേർ ചികിത്സ തേടി. മൂന്ന് ഡെങ്കി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രോഗമകറ്റാം ഇവ ശ്രദ്ധിച്ചാൽ
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വെള്ളം എപ്പോഴും അടച്ചു സൂക്ഷിക്കുക.
കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുക, ഇടയ്ക്കിടയ്ക്ക് ക്ലോറിനേറ്റ് ചെയ്യണം.
പാചകത്തിനും കുടിക്കാനും ജലം സംഭരിച്ചിരിക്കുന്ന പാത്രം എപ്പോഴും മൂടിവെക്കണം.
ആഴ്ച്ചയിലൊരിക്കൽ ഉരച്ചു കഴുകി പാത്രം വെയിലത്തുണക്കിയതിനു ശേഷം മാത്രം ജലം സംഭരിക്കുക.
പുറത്തു പോകുമ്പോൾ തിളപ്പിച്ചാറിയ ജലം കൈയിൽ കരുതുക.
വഴിയോര കച്ചവട സ്ഥാപനങ്ങളിൽ തുറന്നു വച്ചിരിക്കുന്ന പാനീയങ്ങൾ കുടിക്കാതിരിക്കുക
വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്ന ഐസ് ഉപയോഗിച്ച് ശീതളപാനീയങ്ങൾ ഉണ്ടാക്കരുത്