മലപ്പുറം: വിവാഹ സത്കാരങ്ങളിലും മറ്റ് ആഘോഷ വേളകളിലും സ്നേഹത്തോടെ നൽകുന്ന വെൽക്കം ഡ്രിങ്കുകൾ മഞ്ഞപ്പിത്തത്തിനും ടൈഫോയ്ഡിനും കാരണമാകുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഫെബ്രുവരിയിൽ ജില്ലയിൽ നടന്ന നാല് വിവാഹ സത്കാരങ്ങളിൽ നിന്ന് മാത്രം 117 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒരു വിവാഹ സത്കാരത്തിൽ പങ്കെടുത്തവരിൽ നാല് പഞ്ചായത്തിലെ ആളുകൾക്കാണ് പനി ബാധിച്ചത്. അസുഖ ബാധിതരായ ആളുകൾ പൂർണ്ണമായും ഭേദമാകും മുമ്പ് പൊതുഇടങ്ങളിൽ ഇറങ്ങുന്നതും അസുഖം വ്യാപിക്കാൻ ഇടയാക്കുന്നതായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ഉത്സവ വേളകളിൽ കരുതൽ വേണം
വേലകൾ, പൂരങ്ങൾ, നേർച്ചകൾ, പ്രദർശന മേളകൾ എന്നിവിടങ്ങളിൽ പോകുമ്പോൾ തുറന്ന സ്ഥലങ്ങളിലും അല്ലാതെയുമായി ലഭിക്കുന്ന പാനീയങ്ങൾ, സിപ്പ് അപ്പ്, ഐസുകൾ എന്നിവ പൂർണ്ണമായും ഒഴിവാക്കണം. തിളപ്പിച്ചാറിയ വെള്ളം കഴിവതും കൂടെ കരുതുന്നതാണ് ഉത്തമം. കുപ്പി വെള്ളത്തിനേക്കാൾ സുരക്ഷിതമാണിവ.
മൂന്നാഴ്ച വിശ്രമം അനിവാര്യം
ചുരുങ്ങിയത് മൂന്നാഴ്ചയോളമെങ്കിലും വീടുകളിൽ തന്നെ വിശ്രമിക്കുന്നതാണ് ഇത്തരം രോഗങ്ങൾ പകരാതിരിക്കാൻ നല്ലത്.
പനി കുറവ് വന്നാലും മൂന്നാഴ്ചക്ക് ശേഷമേ പൊതു ഇടങ്ങളിലേക്ക് ഇറങ്ങാൻ പാടുള്ളൂ. രോഗം പൂർണ്ണമായും മാറുംവരെ പള്ളികളിലെ ഹൗളുകൾക്ക് പകരം പൈപ്പിൽ നിന്ന് വെള്ളമെടുത്ത് ഉപയോഗിക്കുന്നത് മറ്റുള്ളവരിലേക്ക് രോഗാണുക്കൾ എത്തുന്നതിന് തടയിടാനാകും.
വിവാഹ സത്കാരങ്ങളിൽ
ചൂടുള്ളവ മാത്രം
വിവാഹ സത്കാരങ്ങളിൽ പങ്കെടുക്കുന്നവർക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രമേ കൊടുക്കാവൂ. സൽക്കാരങ്ങളിലും മറ്റും ഭക്ഷണ പദാർത്ഥങ്ങൾ വിളമ്പുന്നതിന് മുമ്പായി കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുന്നതാണ് ഉത്തമം.
ചൂടുള്ളത് നൽകിയാൽ മാത്രം പോര
ചൂടുവെള്ളമെന്ന പേരിൽ ചൂടാക്കിയതും ചൂടാക്കാത്തതുമായ വെള്ളം ഇട കലർത്തി നൽകുന്നതാണ് മിക്ക സത്കാരങ്ങളിലെയും സ്ഥിതി. ഇത് ഗുണത്തെക്കാളേറെ ദോഷകരമാണെന്നതാണ് വാസ്തവം. കൃത്യമായ അളവിൽ തിളപ്പിച്ചാറിയ വെള്ളമാണ് നൽകേണ്ടത്. കുടിക്കാൻ ചൂടുവെള്ളവും ചൂടുള്ള ഭക്ഷണ പദാർത്ഥങ്ങളും നൽകിയാൽ മാത്രം മഞ്ഞപ്പിത്തവും ടൈഫോയ്ഡ് രോഗങ്ങളും തടയാനാവില്ല. വിളമ്പുന്ന പാത്രങ്ങളും സുരക്ഷിതമായിരിക്കണം. സുരക്ഷിതമായ വെള്ളം ഉപയോഗിച്ചാവണം പാത്രങ്ങൾ കഴുകേണ്ടത്. കഴിയുമെങ്കിൽ ചൂടുവെള്ളത്തിൽ കഴുകിയെടുക്കുന്നത് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും.
വരൾച്ച രൂക്ഷമായതോടെ ശുദ്ധജല ലഭ്യതയിൽ വന്ന കുറവാണ് ജലജന്യ രോഗങ്ങൾ വ്യാപകമാകാൻ ഇടയാക്കുന്നത്. കൃത്യമായ ജാഗ്രത പുലർത്താൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ പരമാവധി പാലിക്കണം
ഡോ. സക്കീന , ജില്ലാ മെഡിക്കൽ ഓഫീസർ