മലപ്പുറം: ജില്ലയിൽ സൂര്യതാപനില ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ പക്ഷിമൃഗാദികൾക്കും വേനൽക്കാല പരിരക്ഷ ഉറപ്പാക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.കൂടിയ ശ്വാസനിരക്ക്, വായിൽ നിന്നും ക്രമാതീതമായ ഉമിനീർ ഒഴുക്ക് എന്നിവയിൽതുടങ്ങി പിന്നീട് വിറയൽ അനുഭവപ്പെടുകയും കൈകാലുകളുടെ ചലനശേഷി ഇല്ലാതായി വളർത്തുമൃഗങ്ങൾ വീണുപോവുകയും ചെയ്യും. ചില സന്ദർഭങ്ങളിൽ മൃഗങ്ങൾക്ക് പൊള്ളലുമേൽക്കാം. അത്തരം സാഹചര്യങ്ങളിൽ അടുത്തുള്ള മൃഗാശുപത്രിയിൽ നിന്നും വൈദ്യസഹായം തേടണം. അത്യാഹിതം സംഭവിച്ചാൽ കൃത്യവിവരങ്ങൾ അവിടെ അറിയിക്കണമെന്നും ജില്ലാമൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
മുൻകരുതലുകൾ
രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ മൃഗങ്ങളെ തുറസ്സായസ്ഥലത്ത് മേയാൻ വിടരുത്. തൊഴുത്തിന് പുറത്ത് മരത്തണലുകളിലും നല്ല കാറ്റ് ലഭിക്കുന്ന സ്ഥലങ്ങളിലും കാലികളെ കെട്ടാം.
കൂടുതൽ ഉരുക്കളെ വളർത്തുന്ന തൊഴുത്തുകളിൽ ഫാൻ, മിസ്റ്റ്സ്പ്രേയർ തുടങ്ങിയവ ഉപയോഗിക്കണം.
തൊഴുത്തുകളുടെ മേൽക്കൂരയിൽ ഓല, ഇലകൾ തുടങ്ങിയവ വിരിക്കാം. വശങ്ങളിൽ നനവുള്ള ചണച്ചാക്കോ, കട്ടിയുള്ള തുണിയോ തൂക്കിയിടാം.
സമീകൃതതീറ്റ രാവിലെ ഏഴിന് മുമ്പും വൈകിട്ട് ആറിന് ശേഷവും നൽകണം. വൈക്കോൽ രാത്രിയിലും അതിരാവിലെയും മാത്രം നൽകുക. പകൽ സമയത്ത് കഴിവതും പച്ചപ്പുല്ല് നൽകാൻ ശ്രമിക്കണം. ഫാമുകളിൽ ഓട്ടോമാറ്റിക് ഡ്രിങ്കറുകൾ ക്രമീകരിക്കുന്നതാണ് ഉത്തമം.
വേനൽക്കാലത്ത് ചെള്ള്, ഉണ്ണി തുടങ്ങിയ ബാഹ്യപരാദങ്ങൾ കൂടാം. ഇവക്കെതിരെയുള്ള മരുന്നുകൾ ഉപയോഗിക്കണം.
കൂടുതൽ പശുക്കളെ വളർത്തുന്ന ഡയറി ഫാമുകളിൽ മഴവെള്ള സംഭരണികൾ, ജലം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്നതിനുള്ള റീസൈക്ലിംഗ് പ്ലാന്റുകൾ, കിണർ റീചാർജ്ജിംഗ് തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തുക.
ആടുകൾക്ക് കാൽസ്യം, വൈറ്റമിൻ ടോണിക്കുകൾ എന്നിവ സ്ഥിരമായി നൽകണം
കോഴികൾക്ക് കൂടുകളിൽ കൂടുതൽ സ്ഥലം നൽകുകയും ഫാൻ, എക്സോസ്റ്റ് ഫാൻ തുടങ്ങിയവ ഉപയോഗിച്ച് വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യണം.
നായ്ക്കളും മറ്റ് ഓമനമൃഗങ്ങളും വെള്ളംകുടിക്കുന്നുണ്ടെങ്കിൽ തണുപ്പിച്ച ശുദ്ധജലം ഗ്ലൂക്കോസ് കലർത്തി നൽകാം. നായയുടെ ശരീരം നനഞ്ഞ തുണിയോ ഐസ് പാഡോ ഉപയോഗിച്ച് തണുപ്പിക്കുക.