മലപ്പുറം: അന്തരീക്ഷ താപനില വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സൂര്യതപം കണക്കിലെടുത്ത് തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കണമെന്ന ലേബർ കമ്മിഷണറുടെ ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ജില്ലയിലെ നിർമ്മാണ മേഖലയിൽ പരിശോധന നടത്തി. ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ജില്ലയിലെ നിലമ്പൂർ, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, തിരൂരങ്ങാടി ഭാഗങ്ങളലെ 52 നിർമ്മാണ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നിർമ്മാണ സൈറ്റുകളിൽ ജോലിചെയ്യുന്ന തൊഴിലാളികളോടും അന്യസംസ്ഥാന തൊഴിലാളികളോടും രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ സൂര്യാഘാതം നേരിട്ട് ഏൽക്കുന്ന രീതിയിൽ ജോലി ചെയ്യരുതെന്ന് നിർദ്ദേശം നൽകി. തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്ന കരാറുകാരോട് ലേബർ കമ്മിഷണറുടെ ഉത്തരവ് കർശനമായി പാലിക്കാൻ നിർദ്ദേശിച്ചു. ജില്ലയിലെ ചില ഉൾപ്രദേശങ്ങളിൽ ചെറുനിർമ്മാണ മേഖലകളിൽ ഉത്തരവ് ലംഘിച്ച് തൊഴിലാളികൾ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിറുത്തലാക്കിയതായി ലേബർ ഓഫീസർ അറിയിച്ചു. സർക്കാർ ഉത്തരവ് പിൻവലിക്കുംവരെ നിർദ്ദേശം കർശനമായി നടപ്പാക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. വരുംദിവസങ്ങളിൽ ജില്ലയിലെ മറ്റു മേഖലകളിലും പരിശോധന ശക്തമാക്കും. ഉത്തരവ് ലംഘിച്ച് ജോലികൾ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.