മഞ്ചേരി: മൂന്നു ദിവസം പിന്നിട്ടിട്ടും മഞ്ചേരിയിൽ പ്രാവർത്തികമാക്കിയ ഗതാഗത പരിഷ്കരണം യാത്രക്കാരെ വലയ്ക്കുന്നു. പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് മലപ്പുറം ഭാഗത്തേക്കുള്ള ബസുകളിൽ യാത്രക്കാരെ കയറ്റാത്തതും കടുത്ത വേനലിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ലാത്തതും യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കുന്നു. പൊലീസുമായുള്ള യാത്രക്കാരുടെ വാക് തർക്കവും തുടർകഥയാവുകയാണ്. മലപ്പുറം പെരിന്തൽമണ്ണ ഭാഗങ്ങളിലേക്കുള്ള ബസുകൾ പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നു കിട്ടാത്തതാണ് യാത്രക്കാരെ ചൊടിപ്പിക്കുന്നത്. കനത്ത വേനൽച്ചൂടിൽ ബസ് കാത്തിരിപ്പു കേന്ദ്രം പോലുമില്ലാതെ പെരുവഴിയിലാണ് സ്ത്രീകളും വൃദ്ധരും കുട്ടികളുമടക്കമുള്ള യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത്. ബസുകളെത്തുന്നുണ്ടെങ്കിലും യാത്രക്കാരെ കയറ്റുന്നത് പൊലീസ് ചോദ്യം ചെയ്യുമ്പോൾ ലക്ഷ്യ സ്ഥാനത്തേക്കുള്ള ബസുകൾ എവിടെനിന്നു കിട്ടുമെന്നറിയാതെ വലയുകയാണ് യാത്രക്കാർ. ഇതാണ് പൊലീസുമായുള്ള വാക് തർക്കത്തിന് കാരണമാവുന്നത്. വിവിധയിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് എവിടെനിന്നു ബസ് കിട്ടുമെന്നു വ്യക്തമാക്കാനുള്ള സംവിധാനങ്ങളൊന്നും നഗരത്തിലൊരുക്കിയിട്ടില്ല. ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കുമെന്ന പ്രഖ്യാപനം പ്രാവർത്തികമാക്കാതെയുള്ള ഗതാഗത പരിഷ്ക്കാരം ജനങ്ങൾ ചേദ്യം ചെയ്യുമ്പോൾ ബന്ധപ്പെട്ട അധികൃതരാരും വിഷയത്തിൽ അനിവാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന പരാതി വ്യാപകമാണ്