പൊന്നാനി: കണക്കുകളിൽ തന്ത്രം മെനഞ്ഞാണ് പൊന്നാനിയിൽ ഇരുമുന്നണികളുടെയും പടയോട്ടം. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നിന്ന് 2016ലെ നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ദൂരമളന്നാണ് ഇടതുമുന്നണി കണക്കുകൾ രൂപപ്പെടുത്തുന്നത്. 2009ലെ തിരഞ്ഞെടുപ്പിനോട് ചേർത്തുവച്ച് സമകാലിക സാഹചര്യങ്ങളെ കൂട്ടിക്കെട്ടിയാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 25410 വോട്ടായി യു.ഡി.എഫ് ഭൂരിപക്ഷം കുറയ്ക്കാനായതാണ് എൽ.ഡി.എഫ് കണക്കുകളിലെ ഊന്നൽ. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ നിന്നായുള്ള യു.ഡി.എഫ് ഭൂരിപക്ഷത്തിന്റെ തോത് 1404ൽ എത്തിക്കാനായത് ഇടതുകേന്ദ്രങ്ങൾ വിജയപ്രതീക്ഷയാക്കി മാറ്റുന്നു.രാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റവും ഇ.ടി. മുഹമ്മദ് ബഷീറിന്റെ വ്യക്തിപ്രഭാവവും കഴിഞ്ഞു പോയ തിരഞ്ഞെടുപ്പു കണക്കുകളെ അസ്ഥാനത്താക്കുമെന്നാണ് യു.ഡി.എഫിന്റെ ശുഭപ്രതീക്ഷ. 2016ലെ നിയമസഭ തിരഞ്ഞെടുപ്പ് ഭൂരിപക്ഷത്തിൽ പൊന്നാനി, തവനൂർ, താനൂർ മണ്ഡലങ്ങൾ എൽ.ഡി.എഫിനൊപ്പവും തിരൂരങ്ങാടി, കോട്ടയ്ക്കൽ, തിരൂർ, തൃത്താല മണ്ഡലങ്ങൾ യു.ഡി. എഫിനൊപ്പവുമാണ്. പൊന്നാനിയിൽ 15,640, തവനൂരിൽ 17,064, താനൂരിൽ 6,043 എന്നിങ്ങനെയാണ് എൽ.ഡി.എഫ് ഭൂരിപക്ഷം. തിരൂരങ്ങാടിയിൽ 6,043, തിരൂരിൽ 7,061, കോട്ടയ്ക്കലിൽ 15,042, തൃത്താലയിൽ 10,547 എന്നിങ്ങനെയാണ് യു.ഡി.എഫ് ഭൂരിപക്ഷം. നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം നിന്ന തൃത്താലയിൽ അയ്യായിരത്തിനു മുകളിൽ ഭൂരിപക്ഷത്തിലെത്താനാകുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇഫക്ടിൽ പൊന്നാനിയിൽ ഭൂരിപക്ഷം വർദ്ധിപ്പിക്കാനാകുമെന്നാണ് ഇടതു കേന്ദ്രങ്ങളിലെ പ്രതീക്ഷ. തവനൂരും താനൂരും നിയമസഭയിലെ ഭൂരിപക്ഷത്തിൽ കുറവുണ്ടാകില്ല. കോട്ടയ്ക്കൽ, തിരൂരങ്ങാടി, തിരൂർ മണ്ഡലങ്ങളിൽ ഭൂരിപക്ഷം നേരിയ തോതിലെങ്കിലും കുറയ്ക്കാനാകുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. വി അബ്ദുറഹ്മാൻ, നിയാസ് പുളിക്കലകത്ത്, ഗഫൂർ ലില്ലീസ് എന്നിവരുടെ മുഴുവൻ സമയ ഇടപെടലും സാന്നിദ്ധ്യവും തിരൂരങ്ങാടി, തിരൂർ, താനൂർ മേഖലയിലെ യു.ഡി.എഫ് വോട്ടുകൾ അടർത്തുന്നതിൽ ഗുണകരമാകുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. പൊന്നാനിയിലും തവനൂരും 2016ൽ എൽ.ഡി.എഫിന് ലഭിച്ച ഭൂരിപക്ഷം കുറയ്ക്കാനാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. പൊന്നാനിയിൽ എണ്ണായിരത്തിനും അയ്യായിരത്തിനും ഇടയിൽ ഭൂരിപക്ഷമേ ഇടതുമുന്നണിക്കുണ്ടാകൂ. തവനൂരിൽ അയ്യായിരത്തിനും ആറായിരത്തിനും ഇടയിൽ, തൃത്താലയിൽ രണ്ടായിരത്തിൽ താഴെ എന്നിങ്ങനെയാണ് കണക്കുകൂട്ടൽ. താനൂരിൽ യു ഡി എഫ് ഭൂരിപക്ഷത്തിലെത്തും.വി അബ്ദുറഹ്മാൻ സാദ്ധ്യമാക്കിയ മേൽക്കൈ പി.വി. അൻവറിന് നേടാനാവില്ല.അബ്ദുറഹ്മാൻ രണ്ടത്താണിക്കെതിരെയുണ്ടായ എൽ.ഡി.എഫ് മുന്നേറ്റം ഇ.ടിയുടെ കാര്യത്തിൽ താനൂരിൽ ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടൽ. തിരൂരിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം കൂടും. തിരൂരങ്ങാടിയിൽ പതിനയ്യായിരവും കോട്ടയ്ക്കലിൽ ഇരുപതിനായിരത്തിന് മുകളിൽ ഭൂരിപക്ഷവുമാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. എസ്.ഡി.പി.ഐ കൂടുതൽ വോട്ട് പിടിക്കുകയാണെങ്കിൽ അത് ഗുണം ചെയ്യുമെന്നതാണ് എൽ .ഡി .എഫ് നിരീക്ഷണം. വെൽഫെയർ പാർട്ടിയുടെ പിന്തുണ പതിനായിരത്തിലേറെ വോട്ടുകൾ അതികമായി ലഭിക്കാൻ വഴിയൊരുക്കുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. പി .ഡി. പി യുടെ സാന്നിദ്ധ്യം ചെറിയ നഷ്ടങ്ങൾക്ക് കാരണമാകുമെന്നാണ് ഇരുകൂട്ടരും വിശ്വസിക്കുന്നത്. യു.ഡി. എഫിൽ നിന്നുള്ള അടിയൊഴുക്ക് ഇടതുകേന്ദ്രങ്ങൾ കാര്യമായി പ്രതീക്ഷിക്കുന്നുണ്ട്. പൊന്മുണ്ടം, ചെറിയമുണ്ടം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നിന്ന് കോൺഗ്രസ് വോട്ടുകളിൽ കൂട്ടത്തോടെ ഒഴുക്കുണ്ടാകുമെന്നു തന്നെയാണ് ഇടതുമുന്നണി കണക്കാക്കുന്നത്. വയനാട്ടിലെ രാഹൂൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഉൾപ്പെടെയുള്ള ഘടകങ്ങൾ വോട്ടുചോർച്ചയുടെ വാതിലുകൾ അടച്ചിരിക്കുകയാണെന്ന് യു.ഡി.എഫ് പ്രത്യാശിക്കുന്നു.