നിലമ്പൂർ: വയനാട് ലോക്സഭ മണ്ഡലത്തിൽ പെടുന്ന നിലമ്പൂർ, വണ്ടൂർ നിയോജകമണ്ഡലങ്ങളിലുള്ളത് 84 പ്രശ്ന ബാധിത ബൂത്തുകൾ. രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായതും മാവോവാദി ഭീഷണിയും കണക്കിലെടുത്താണ് ബൂത്തുകളെ പ്രശ്നബാധിതമായി പരിഗണിക്കുന്നത്. നിലമ്പൂർ നിയോജകമണ്ഡലം പരിധിയിൽ 59ഉം വണ്ടൂരിൽ 25 ബൂത്തുകളാണ് ഇത്തരത്തിൽ ഗൗരവമായ പരിഗണന നല്കുന്നവ. നിലമ്പൂരിൽ കരുളായി, വഴിക്കടവ്, പോത്തുകൽ, മൂത്തേടം പഞ്ചായത്തുകളിലായാണ് ഇത്തരത്തിലുള്ള ബൂത്തുകൾ കൂടുതലുള്ളത്. നേരത്തെ തന്നെ മാവോ സാന്നിദ്ധ്യം കണ്ടെത്തിയ പ്രദേശങ്ങളുൾപ്പെട്ട സ്ഥലങ്ങളാണിവ. ഇത്തവണ രാഹുൽ ഗാന്ധി മത്സരിക്കാനെത്തുന്നത് മേഖലയിലെ സുരക്ഷ അതീവ കർശനമാക്കാൻ കാരണമായിട്ടുണ്ട്. പ്രശ്ന ബാധിത ബൂത്തുകളിൽ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം റവന്യൂ അധികൃതർ, സുരക്ഷാ സേനകൾ, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ കർശന സുരക്ഷാ നടപടികളാണ് സ്വീകരിക്കുകയെന്ന് നിലമ്പൂർ തഹസിൽദാർ ടി.എൻ.വിജയൻ പറഞ്ഞു.