മലപ്പുറം: രാഹുൽഗാന്ധിയുടെ വയനാട്ടിലെ പത്രികാ സമർപ്പണം ജില്ലയിൽ യു.ഡി.എഫ് പ്രചാരണത്തിന് കൂടുതൽ ഉണർവും ഐക്യവുമേകും. കോൺഗ്രസ് - ലീഗ് ബന്ധങ്ങളിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ജില്ലാ നേതൃത്വം. മലപ്പുറത്തെ ലീഗ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിലെ സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബഷീറും രണ്ടുദിവസത്തെ പ്രചാരണം ഒഴിവാക്കിയാണ് രാഹുൽ ഗാന്ധിക്കൊപ്പം സജീവ സാന്നിദ്ധ്യമായത്. കരിപ്പൂർ വിമാനത്താവളത്തിലെ സ്വീകരണം തൊട്ട് ലീഗ് നേതാക്കൾ രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്. വയനാട്ടിൽ പത്രിക സമർപ്പണത്തിനായി പോവുന്ന തുറന്ന വാഹനത്തിൽ ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി കൂടിയായ കുഞ്ഞാലിക്കുട്ടിക്ക് പുറമെ ഇ.ടി. മുഹമ്മദ് ബഷീറും സ്ഥാനം പിടിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ഇടം പിടിച്ച വാഹനത്തിൽ കുഞ്ഞാലിക്കുട്ടിക്ക് പുറമെ ഇ.ടി. മുഹമ്മദ് ബഷീറിനെ കൂടി ഉൾപ്പെടുത്തിയതിലൂടെ ഐക്യം സംബന്ധിച്ച കൃത്യമായ സന്ദേശം ഇരുപാർട്ടികളിലെയും പ്രാദേശിക നേതാക്കൾക്ക് നൽകാനാണ് നേതൃത്വം ലക്ഷ്യമിട്ടത്. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ചുമതലകളുടെ മേൽനോട്ട കമ്മിറ്റിയുടെ ചെയർമാൻ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ്. ജില്ലാ കളക്ടർക്ക് മുമ്പാകെ നോമിനേഷൻ സമർപ്പിക്കാനും സാദിഖലി തങ്ങളുണ്ടായിരുന്നു.
വയനാട്ടിലെ നിയോജകമണ്ഡലങ്ങളിൽ മുസ്‌ലിം ലീഗിന് നിർണ്ണായക സ്വാധീനമുണ്ട്. കഴിഞ്ഞ തവണ എം.ഐ ഷാനവാസിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച രണ്ട് മണ്ഡലങ്ങൾ ഏറനാടും വണ്ടൂരുമാണ്. രാഹുൽഗാന്ധിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷമേകുന്നതിൽ ഏറനാടിനോട് വണ്ടൂർ മത്സരിക്കാനുണ്ടോയെന്ന വെല്ലുവിളിയുമായി ലീഗ് എം.എൽ.എയായ പി.കെ. ബഷീർ രംഗത്തുവന്നിട്ടുണ്ട്. ഇതിനുപിന്നാലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടുന്ന മണ്ഡലത്തിലെ എം.എൽ.എയ്ക്ക് കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് സമ്മാനവും പ്രഖ്യാപിച്ചു. ലീഗിന്റെ വിമർശകനായ ആര്യാടൻ മുഹമ്മദിന്റെ സ്വരത്തിലും വലിയമാറ്റം പ്രകടമാണ്. പൊന്നാനിയിൽ ആര്യാടൻ മുഹമ്മദിനെ തന്നെ കൊണ്ടുവന്ന് പ്രചാരണം നടത്തിയാൽ താഴെത്തട്ടിലെ പോരിൽ വലിയ മാറ്റമുണ്ടാക്കാനാവുമെന്ന പ്രതീക്ഷ ലീഗ് നേതൃത്വത്തിനുണ്ട്.
രാഹുൽ ഗാന്ധിയുടെ വയനാട്ടെ സ്ഥാനാർത്ഥിത്വം പൊന്നാനിയിൽ അനുകൂലമാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുസ്‌ലിം ലീഗ്. പാക് പതാകയെന്ന തരത്തിൽ ഉത്തരേന്ത്യയിലെ മുതലെടുപ്പ് ഭയന്ന് രാഹുൽഗാന്ധിയുടെ പ്രചാരണത്തിൽ ലീഗ് പതാക ഒഴിവാക്കാൻ കോൺഗ്രസ് നേതൃത്വം നിർദ്ദേശിച്ചെന്ന സോഷ്യൽ മീഡിയയിലെ വ്യാജപ്രചാരണത്തിന് പിന്നാലെ ജില്ലയിലെ യു.ഡി.എഫ് സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ ഇതു സംബന്ധിച്ച അതൃപ്തിയും വാഗ്വാദങ്ങളും അരങ്ങേറിയിരുന്നു. പതാക ഉപയോഗിക്കാൻ ഒരുവിലക്കുമില്ലെന്നും വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും ചൂണ്ടിക്കാട്ടി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിന് തന്നെ ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തെത്തേണ്ടി വന്നു. കരിപ്പൂരിലെ രാഹുൽഗാന്ധിയുടെ സ്വീകരണത്തിൽ ഏറ്റവുമധികം ഉയർന്നതും ലീഗ് പതാകയായിരുന്നു. ഇന്നലെ വയനാട്ടിലെ രാഹുൽഗാന്ധിയുടെ റോഡ്ഷോയിലും ലീഗ് പതാകയും പ്രവർത്തകരും സജീവമായിരുന്നു. ഐക്യസന്ദേശം മുമ്പെങ്ങുമില്ലാത്തവിധം താഴെത്തട്ടിലേക്കടക്കം നൽകാനായെന്ന ആത്മവിശ്വാസത്തിലാണ് മുസ്‌ലിം ലീഗ് നേതൃത്വം. രാഹുൽഗാന്ധിക്ക് മൂന്ന് ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷമുറപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. രണ്ടര ലക്ഷം നേടിയാൽ പോലും ഇതു കുറച്ചിലാകുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. 2009ൽ എം.ഐ. ഷാനവാസിന് 1,53,439 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. എൻ.സി.പി സ്ഥാനാർത്ഥിയായി മത്സരിച്ച കെ. മുരളീധരൻ 99,663 വോട്ടും നേടി. മുരളീധരൻ വടകരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണിപ്പോൾ. ദക്ഷിണേന്ത്യയിലെ കോൺഗ്രസിന്റെ ശക്തി കേന്ദ്രമെന്നറിയപ്പെടുന്ന വയനാട്ടിൽ കോൺഗ്രസ് അദ്ധ്യക്ഷന് ഏറ്റവും ഉയർന്ന ഭൂരിപക്ഷം ഉറപ്പാക്കുക അഭിമാനപ്രശ്നമായാണ് കോൺഗ്രസ് നേതാക്കളെടുക്കുന്നത്. ഭൂരിപക്ഷം പരമാവധി വർദ്ധിപ്പിക്കാൻ ലീഗിന്റെ നിർലോഭ പിന്തുണ അനിവാര്യമാണ്. വയനാട്ടിലെ രാഹുൽഗാന്ധിയുടെ റോഡ് ഷോയിലെ ലീഗ് പ്രവർത്തകരുടെ സാന്നിദ്ധ്യം കോൺഗ്രസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. വയനാട്ടേക്കിട്ട കോണിയിലൂടെ പൊന്നാനിയിലും ഐക്യമെത്തിക്കാനാണ് ലീഗിന്റെ ശ്രമം. കോൺഗ്രസ് വോട്ടിലെ ചോർച്ചാ ഭീഷണി നേരിടുന്ന പൊന്നാനിയിൽ രാഹുൽഗാന്ധിയുടെ വരവോടെ ലീഗിന്റെ പ്രതീക്ഷ വർദ്ധിച്ചിട്ടുണ്ട്. കോൺഗ്രസ് വോട്ടിലെ ചോർച്ച പൂർണ്ണമായും ഇല്ലാതാക്കാനാവുമെന്ന വിശ്വാസം ലിഗ് നേതൃത്വം പുലർത്തുന്നില്ലെങ്കിലും വലിയൊരളവുവരെ ഇതിന് തടയിടാനാവുമെന്ന വിലയിരുത്തലിലാണ് പാർട്ടി. ഐക്യം സംബന്ധിച്ച വ്യക്തമായ സന്ദേശം ഡി.സി.സി പ്രാദേശിക ഘടകങ്ങൾക്ക് കൈമാറിയിട്ടുണ്ട്.