മലപ്പുറം : ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലയിലെ മണ്ഡലങ്ങളിൽ നിയോഗിച്ച പൊതുനിരീക്ഷകർ ചുമതലയേറ്റു. ചന്ദ്രകാന്ത് ഉയികെയാണ് പൊന്നാനി മണ്ഡലത്തിലെ പൊതു നിരീക്ഷകൻ. ഛത്തീസ്ഗഢ് കേഡർ 2008 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
എ.ജി.എം.യു.ടി കേഡർ 2003 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ പത്മ ജയ്സ്വാൾ ആണ് മലപ്പുറം മണ്ഡലത്തിൽ പൊതുനിരീക്ഷകയായി ചുമതലയേറ്റിട്ടുള്ളത്. തേഞ്ഞിപ്പലത്തെ യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസ്, മലപ്പുറം ഗവ. ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് ഇവർ ക്യാമ്പ് ചെയ്യുന്നത്.
നിരീക്ഷകരുടെ നോഡൽ ഓഫീസറായി ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുണിനെ നിയമിച്ചിട്ടുണ്ട്. മലപ്പുറം മണ്ഡലത്തിലെ പൊതുനിരീക്ഷന്റെ ലെയ്സൺ ഓഫീസറായി കുറുവ കൃഷി ഓഫീസർ ശുഹൈബിനെയും പൊന്നാനി മണ്ഡലം പൊതുനിരീക്ഷകന്റെ ലെയ്സൺ ഓഫീസറായി ഏലംകുളം കൃഷി ഓഫീസർ നിസാറിനെയും നിയമിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കും രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്കും തിരഞ്ഞെടുപ്പു സംബന്ധമായ പരാതികൾ ഇവരെ നേരിട്ടോ ഫോൺ മുഖേനയോ അറിയിക്കാം. രാവിലെ ഒമ്പത് മുതൽ പത്തുമണി വരെ ക്യാമ്പ് ഓഫീസിൽ നേരിട്ട് പരാതികൾ സ്വീകരിക്കും..
ഇവരെ കൂടാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ചെലവ് നിരീക്ഷകർ, പൊലീസ് നിരീക്ഷകർ എന്നിവരും ജില്ലയിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ സിവിൽ അക്കൗണ്ട്സ് സർവ്വീസ് ഉദ്യോഗസ്ഥൻ ധ്രുവ കുമാർ സിംഗ് മലപ്പുറം മണ്ഡലത്തിലും ഇന്ത്യൻ റവന്യൂ സർവ്വീസ് ഉദ്യോഗസ്ഥൻ എൻ. രാജ്കുമാർ പൊന്നാനി മണ്ഡലത്തിലും ചെലവ് നിരീക്ഷകരായി ചുമതലയേറ്റു.
പൊലീസ് നിരീക്ഷകരായി ഐ.പി.എസ് ഉദ്യോഗസ്ഥരായ ബസന്ത്കുമാർ റാത്തിനെ മലപ്പുറത്തും സരംഗനെ പൊന്നാനിയിലുമാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ പൊലീസ് നിരീക്ഷകനായി നിതിൻ ധീപ് ബ്ലാഗനെയും നിയോഗിച്ചിട്ടുണ്ട്.