മഞ്ചേരി: ഈ മാസം ഒന്നു മുതൽ പ്രാവർത്തികമാക്കിയ ഗതാഗത പരിഷ്കാരത്തിൽ മഞ്ചേരിയിൽ കടുത്ത പ്രതിഷേധം തുടരുന്നു. നഗരമദ്ധ്യത്തിൽ യാത്രക്കാരെ കയറ്റിയിറക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാർക്കിടയിൽ നിലനിന്ന പ്രതിഷേധം പൊലീസുമായുള്ള ഏറ്റുമുട്ടലിലേക്കു നീങ്ങുന്നതിനിടെ ബസ് ജീവനക്കാരും പൊലീസുമായുള്ള തർക്കം മഞ്ചേരിയിൽ രൂക്ഷമായ ഗതാഗത തടസത്തിനിടയാക്കി. പൊലീസിനെ വെല്ലുവിളിച്ച് നടുറോഡിൽ ബസ് നിറുത്തിയിട്ട് പ്രതിഷേധിച്ച സ്വകാര്യ ബസ് ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ റൂട്ടിൽ ഓടുന്ന പക്കീസ ബസ് ഡ്രൈവർ ഫൈസൽ(29), കണ്ടക്ടർ റഫീഖ്(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിയമം പാലിക്കണമെന്ന് നിർദ്ദേശിച്ചതിനാണ് ഇരുവരും പൊലീസിനെ വെല്ലുവിളിച്ച് ബസ് നടുറോഡിൽ നിറുത്തിയിട്ടതെന്നാണ് പൊലീസ് ഭാഷ്യം. വ്യാഴാഴ്ച രാവിലെ 11നാണ് പഴയ ബസ് സ്റ്റാൻഡിന്റെ മുന്നിലുള്ള സ്റ്റോപ്പിൽ ബസ് നിറുത്തിയിട്ടത്. ഗതാഗതം തടസപ്പെടുത്തൽ, കൃത്യനിർവഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു. പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കാനും പൊലീസ് ശുപാർശ ചെയ്തു.
ഗതാഗത പരിഷ്കരണം യാത്രക്കാരെ വലയ്ക്കുകയാണ് നഗരത്തിൽ. പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് മലപ്പുറം ഭാഗത്തേക്കുള്ള ബസുകളിൽ യാത്രക്കാരെ കയറ്റാത്തതും കടുത്ത വേനലിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ലാത്തതും യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കുകയാണ്. മലപ്പുറം, പെരിന്തൽമണ്ണ ഭാഗങ്ങളിലേക്കുള്ള ബസുകൾ പഴയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നു കിട്ടാത്തതാണ് യാത്രക്കാരെ ചൊടിപ്പിക്കുന്നത്. ഈ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾക്ക് പഴയ ബസ് സ്റ്റാന്റിന് അൽപ്പം മുന്നിലായി ആളെ ഇറക്കാൻ അനുവാദമുണ്ട്. എന്നാൽ ഇവിടെ നിന്നും കയറാൻ യാത്രക്കാരെ പൊലീസ് അനുവദിക്കുന്നില്ല. കച്ചേരിപ്പടി സ്റ്റാന്റിൽ പോയി തന്നെ കയറണമെന്ന നിർബന്ധത്തിലാണ് പൊലീസ്. കനത്ത വേനൽചൂടിൽ ബസ് കാത്തിരിപ്പു കേന്ദ്രം പോലുമില്ലാതെ പെരുവഴിയിലാണ് യാത്രക്കാർ. ലക്ഷ്യ സ്ഥാനത്തേക്കുള്ള ബസുകൾ എവിടെനിന്നു കിട്ടുമെന്നറിയാതെ യാത്രക്കാർ വലയുന്ന സ്ഥിതിയാണ്.യാത്രക്കാർക്ക് എവിടെനിന്നു ബസ് കിട്ടുമെന്നു വ്യക്തമാക്കാനുള്ള സംവിധാനങ്ങളൊന്നും നഗരത്തിലൊരുക്കിയിട്ടില്ല. ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കുമെന്ന പ്രഖ്യാപനം പ്രാവർത്തികമാക്കാതെയുള്ള ഗതാഗത പരിഷ്ക്കാരം ജനങ്ങൾ ചേദ്യം ചെയ്യുമ്പോൾ ബന്ധപ്പെട്ട അധികൃതരാരും വിഷയത്തിൽ അനിവാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നതും പ്രശ്നത്തിന്റെ ആക്കം കൂട്ടുന്നു.