മലപ്പുറം: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ വർഷങ്ങളായി താമസിക്കുന്ന കുട്ടികൾക്ക് കുടുംബത്തിന്റെ പരിചരണവും സ്‌നേഹവും ലഭ്യമാക്കാനായി സംഘടിപ്പിക്കുന്ന വെക്കേഷൻ ഫോസ്റ്റർ കെയറിന് മലപ്പുറം ജില്ലയിൽ തുടക്കമായി . മലപ്പുറം ജില്ലയിലെ നാല് സ്ഥാപനങ്ങളിൽ നിന്നുള്ള 10 കുട്ടികൾക്കാണ് ഈ വേനലവധിക്കാലത്ത് കുടുംബത്തിന്റെ തണലിലേക്ക് യാത്ര തിരിക്കാനായത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അപേക്ഷ നൽകിയ രക്ഷിതാക്കളിൽ നിന്നും ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് നടത്തിയ ഹോം സ്റ്റഡിയുടെ അടിസ്ഥാനത്തിലാണ് 10 രക്ഷിതാക്കളെ കണ്ടെത്തിയത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും മുൻകൂട്ടി പരിചയപ്പെടാനും അവരോടൊന്നിച്ച് സമയം ചെലവഴിക്കാനും അവസരം ഒരുക്കുകയും ചെയ്തിരുന്നു.
മലപ്പുറം ജില്ലാ പഞ്ചായത്തിൽ നടന്ന കുട്ടികളെ വീടുകളിലേക്ക് വിട്ടു നൽകുന്ന ചടങ്ങ് മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ . ഷാജേഷ് ഭാസ്‌ക്കർ ഉദ്ഘാടനം ചെയ്തു.ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർ ഗീതാഞ്ജലിഅദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രൊബേഷൻ ഓഫീസർ സമീർ മച്ചിങ്ങൽ , ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളായ തനൂജ ബീഗം, ഷഹനാസ് ബീഗം , ദാനദാസ് ,പ്രൊട്ടക്‌ഷൻ ഓഫീസർമാരായ ഫസൽ പുള്ളാട്ട് , മുഹമ്മദ് സാലിഹ് , സൈക്കോളജിസ്റ്റ് മരിയ തോമസ് ,അതുല്യ എന്നവരും ചടങ്ങിൽ
പ്രസംഗിച്ചു.