vp-sanu

വളാഞ്ചേരി: അച്ഛനും മകനും ഇത്തവണ തിരഞ്ഞെടുപ്പു ഗോദയിൽ വിശ്രമമില്ല. മലപ്പുറം മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിയായ വി.പി. സാനു മുസ്ലിം ലീഗിലെ അതികായൻ കുഞ്ഞാലിക്കുട്ടിക്കെതിരെ പോര് കടുപ്പിക്കുമ്പോൾ, പൊന്നാനിയിൽ ഇടതു സ്വതന്ത്രൻ പി.വി. അൻവറിനെ വിജയത്തിലെത്തിക്കാനുള്ള പോരാട്ടത്തിന്റെ നേതൃനിരയിലാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ അച്ഛൻ വി.പി. സക്കറിയ. മകന്റെ മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാൻ ഇതുവരെ സമയം കിട്ടിയില്ലെങ്കിലും വിജയത്തിന്റെ കാര്യത്തിൽ സക്കറിയക്ക് സംശയമില്ല: "മലപ്പുറത്ത് 2004-ലെ മഞ്ചേരി ആവർത്തിക്കും. പാർലമെന്റിൽ അവൻ നാടിന്റെ ശബ്ദമാകും."

1991-ൽ കുറ്റിപ്പുറം നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷത്തിന് തന്നെ തോൽപ്പിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് മകന്റെ കന്നിയങ്കമെന്നത് സക്കറിയയെ ആശങ്കപ്പെടുത്തുന്നില്ല. പ്രചാരണം മുന്നോട്ടു പോകുന്തോറും ആത്മവിശ്വാസം കൂടുകയാണ്. "ചെറുപ്പക്കാർക്കിടയിൽ വലിയ സ്വീകാര്യതയാണ് സാനുവിന്. ചില എം.എസ്.എഫ്, കെ.എസ്.യു നേതാക്കൾ പോലും പരസ്യമായി സാനുവിനെ പിന്തുണയ്‌ക്കുന്നുണ്ട്. ലീഗ് സ്ഥിരമായി ചെറുപ്പക്കാരെ അവഗണിക്കുന്നതിലെ അമർഷവും അവരുടെ അണികളിലുണ്ട്."- സക്കറിയ പറയുന്നു.

രാഷ്ട്രീയ,​ സാമൂഹ്യ സാഹചര്യങ്ങളും സാനുവിനെ സഹായിക്കുമെന്നാണ് സക്കറിയയുടെ പക്ഷം. മുത്തലാഖ് വിഷയത്തിലെ വോട്ടെടുപ്പിലും, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും പങ്കെടുക്കാതിരുന്ന കുഞ്ഞാലിക്കുട്ടിയുടെ വീഴ്ച വോട്ടർമാർ ചർച്ച ചെയ്യുന്നുണ്ട്. ബി.ജെ.പിക്കെതിരെ സംസാരിക്കാൻ കുഞ്ഞാലിക്കുട്ടിക്കുള്ള പരിമിതി അവർക്കറിയാം. എസ്.ഡി.പി.ഐയുമായി നടത്തിയ ചർച്ച ദുരുദ്ദേശ്യപരമാണ്. ഇതെല്ലാം കാര്യങ്ങൾ സാനുവിന് അനുകൂലമാക്കുമെന്നും സക്കറിയ വിലയിരുത്തുന്നു.

1991- ലെ നിയമസഭാ മത്സരത്തിൽ കുഞ്ഞാലിക്കുട്ടിക്ക് എതിരെ നിന്ന സക്കറിയയ‌്‌ക്കു കിട്ടിയത് 31 ശതമാനം വോട്ട്. രാജീവ് ഗാന്ധിയുടെ ദാരുണാന്ത്യം സൃഷ്‌ടിച്ച സഹതാപതരംഗം ഇല്ലായിരുന്നെങ്കിൽ കൂടുതൽ വോട്ട് കിട്ടിയേനെ എന്ന് സക്കറിയ കരുതുന്നു.