kk
മഞ്ചേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ കടകളിൽ തിരക്കൊഴിഞ്ഞപ്പോൾ

മഞ്ചേരി: ആളും ആരവവുമൊഴിഞ്ഞ് മഞ്ചേരി പഴയ ബസ് സ്റ്റാൻഡ് തുടരുമ്പോൾ നിലനിൽപ്പു ഭീഷണിയിലാണ് ബസ് സ്റ്റാൻഡ് പരിസരത്തെ വ്യാപാരികൾ. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ നിത്യചന്തയിൽ ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള ഭാഗത്ത് ആളുകളെത്തുന്നില്ല. .ഇരു കവാടങ്ങളും ബാരിക്കേഡു വച്ച് കെട്ടിയടച്ച മഞ്ചേരിയിലെ പഴയ ബസ് സ്റ്റാൻഡിൽ ഇപ്പോഴെത്തുന്ന യാത്രക്കാരും ഉപഭോക്താക്കളും നന്നേ കുറവാണ്.

നിത്യചന്തയോടു ചേർന്നു കിടക്കുന്ന സ്റ്റാൻഡ് പരിസരത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് പഴയ പ്രതാപം നഷ്ടമായി. നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രമാണ് ഈ വിധം ഉറങ്ങിക്കിടക്കുന്നത്. പഴം, പച്ചക്കറി വ്യാപാരങ്ങളും ചായക്കടകളുമൊക്കെയായി നഗരത്തിന്റെ പഴയ വ്യാപാര മുഖം തനതു രീതിയിൽ നിലനിറുത്തിയിരുന്ന വ്യാപാരികളെല്ലാം ഇപ്പോൾ നിലനിൽപ്പു ഭീഷണിയിലാണ്. സാധാരണ നടന്നിരുന്ന ശരാശരി കച്ചവടത്തിന്റെ കാൽഭാഗം പോലും ഇപ്പോൾ നടക്കുന്നില്ല. ഭീമമായ പ്രവർത്തനച്ചെലവിനു മുന്നിൽ പകയ്ക്കുകയാണ് സാധാരണക്കാരായ ചെറുകിട വ്യാപാരികൾ. അപകടാവസ്ഥ മുൻനിറുത്തി ബസ്‌ സ്റ്റാൻഡ് അടച്ചപ്പോൾ വ്യാപാരികളെ പുനരധിവസിപ്പിക്കാനുള്ള നടപടികളൊന്നുമായിട്ടില്ല. അനിശ്ചിതാവസ്ഥയിൽ തുടരുന്ന കച്ചവടം

ഇവരുടെ ജീവിതത്തിൽ ഇരുട്ട് തീർക്കുകയാണ്.


മഞ്ചേരിയിലെ പഴയ ബസ് സ്റ്റാൻ‌ഡ് പൂർണ്ണമായും അടച്ചിട്ട തീരുമാനം ചോദ്യം ചെയ്ത് ടൗൺ സംരക്ഷണ സമിതി രംഗത്ത്. ആർ.ടി.എ തീരുമാനത്തിന്റെ മറവിൽ നഗരമദ്ധ്യത്തിലെ പഴയ ബസ് സ്റ്റാൻഡ് അടച്ചിട്ട ജില്ലാ ഭരണകൂടത്തിന്റെ നടപടി നിയമപരമായി ചോദ്യം ചെയ്യുമെന്ന് ടൗൺ സംരക്ഷണ സമിതി ഭാരവാഹികൾ മഞ്ചേരിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആർ.ടി.എ കൈക്കൊണ്ട തീരുമാനത്തിൽ ബസ് സ്റ്റാൻഡ് അടയ്ക്കുമെന്ന് പറഞ്ഞിട്ടില്ല. ഇവിടത്തെ കച്ചവടക്കാർക്ക് അറിയിപ്പു നൽകിയിട്ടുമില്ല. സ്റ്റാൻഡ് പെട്ടെന്നു അടച്ചിട്ടതിനു പിന്നിൽ പ്രത്യേക അജൻഡയുണ്ട്. വ്യാപാരികളുടെ കുടുംബങ്ങളെ അണിനിരത്തി പ്രക്ഷോഭമാരംഭിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഇ.കെ. ചെറി, ബാബു കാരശ്ശേരി, പി.വി.എം. ഷാഫി, ബഷീർ വരിക്കോടൻ, വി. അബ്ദുൾ ജബ്ബാർ എന്നിവർ പറഞ്ഞു.