എടപ്പാൾ: സ്ത്രീസംരക്ഷകരെന്ന് നടിച്ച് കേരളത്തിൽ വനിതാമതിൽ തീർത്തവർ ഇപ്പോൾ വനിതകളെ നിരന്തരം അപമാനിക്കുകയാണെന്ന് മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.ഒ.എം.ശാലിന പറഞ്ഞു. എടപ്പാൾ കല്ലംമുക്കിൽ നടന്ന എൻ.ഡി.എ കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ വ്യക്തിഹത്യ നടത്തിയ എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവനെതിരെ കേസെടുക്കണം. പൊതുവേദിയിൽ സ്ത്രീകളെ അപമാനിക്കാനുള്ള ലൈസൻസാണോ വനിതാമതിലിലൂടെ നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നും അവർ കൂട്ടിച്ചേർത്തു. യോഗത്തിൽ മഹിളാമോർച്ച തവനൂർ മണ്ഡലം പ്രസിഡന്റ് പി.പ്രജിത അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രാജീവ് കല്ലംമുക്ക്, അശോകൻ വട്ടംകുളം, എൻ.നടരാജൻ, പി.സി.നാരായണൻ എന്നിവർ പ്രസംഗിച്ചു.
അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്യണം
തിരൂർ: വോട്ട് അഭ്യർത്ഥിച്ച് മലയാളം സർവകലാശാലയിലെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി വി.ടി.രമയെ അപമാനിച്ച അസി.പ്രൊഫസർ എൻ.വി.മുഹമ്മദ് റാഫിയെ സസ്‌പെൻഡ് ചെയ്യണമെന്ന് മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി ഒ.എം.ശാലിന ആവശ്യപ്പെട്ടു. തിരൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. വാർത്താസമ്മേളനത്തിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി രവി തേലത്ത്, ജില്ലാ ട്രഷറർ കെ.നന്ദകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു