പെരിന്തൽമണ്ണ: ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിക്കുകയാണ് അവരെ പരാജയപ്പെടുത്താനുള്ള വഴിയെന്ന് എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു. എൽ.ഡി.എഫിന്റെ മൂർക്കനാട് പഞ്ചായത്ത് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശിൽ കഴിഞ്ഞ ഉപതിരഞ്ഞടുപ്പിൽ മതേതര കക്ഷികൾ ഒരുമിച്ച് നിന്നപ്പോൾ ബി.ജെ.പി ക്ക് ഉണ്ടായ പരാജയം ഇതിന് തെളിവാണ്. മതേതര കൂട്ടായ്മക്ക് തുരങ്കം വയ്ക്കുന്ന നിലപാടാണ് കോൺഗ്രസ് രാജ്യത്ത് സ്വീകരിക്കുന്നത്.
ബോധപൂർവ്വം ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ബംഗാളിൽ ബി.ജെ.പിയേയും തൃണമൂൽ കോൺഗ്രസിനെയും പരാജയപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് കോൺഗ്രസ് പിൻമാറിയത് ഇതിന് തെളിവാണ്. ബി.ജെ.പി ജയിച്ചാൽ ഇനി ഒരു തിരഞ്ഞടുപ്പ് ഇന്ത്യയിൽ ഉണ്ടാകില്ലെന്ന് ബി.ജെ.പിയുടെ ഉയർന്ന നേതാക്കൾ തന്നെ പ്രഖ്യാപിക്കുന്ന അവസ്ഥയുണ്ടായി. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ബി.ജെ.പി രാജ്യത്ത് നടപ്പാക്കിയത്. കോടതികളെ പോലും നിശബ്ദരാക്കാനാണ് ശ്രമിച്ചത്. ഗോവധ നിരോധന കാര്യത്തിൽ ഉൾപ്പെടെ ബി.ജെ.പി യെ കടത്തി വെട്ടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മദ്ധ്യപ്രദേശിൽ ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് കോൺഗ്രസ് സർക്കാർ ഗോവധത്തിന്റെ പേരിൽ നൂനപക്ഷത്തിൽ പെട്ട 15 യുവാക്കളെ ജയിലിലടച്ചത്. ബി.ജെ.പിയുടെ ബീ ടീമായാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യ പ്രസിഡന്റ് പടക്കളത്തിൽ നിന്ന് ഓടിയൊളിച്ചിരിക്കുകയാണ്. കോൺഗ്രസ് ഇല്ലാതെ തന്നെ മതേതര കക്ഷികൾ ബി.ജെ.പി.യെ പരാജയപ്പെടുത്തും. സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് ,തൃത്താല ഏരിയ സെക്രട്ടറി മോഹനൻ, പി.കെ അബ്ദുള്ള നവാസ്, പി നസീം എന്നിവർ സംസാരിച്ചു.